യുഎഇയിലേക്കു മടങ്ങുന്നവരും നാട്ടിലേക്കു വരുന്നവരും സൂക്ഷിക്കുക;ജനുവരി രണ്ട് ഏറ്റവും തിരക്ക് കൂടിയ ദിവസം യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് മുന്നറിയിപ്പ്

single-img
31 December 2016


ദുബായ്:യു.എ.യിലേക്ക് പോകുന്നവരും മടങ്ങുന്നവരും ശ്രദ്ധിക്കണം. പുതുവര്‍ഷത്തെ ഏറ്റവും തിരക്കേറിയ ദിവസം ജനുവരി രണ്ടാം തീയതി ആയിരിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അന്നു മാത്രം 87,000 യാത്രക്കാര്‍ ടെര്‍മിനല്‍ മൂന്നിലൂടെ കടന്നുപോകും.ക്രിസ്മസും ന്യൂഇയറും അടിച്ചുപൊളിച്ച ശേഷം കുടുംബവും കുട്ടികളുമായി യുഎഇയിലേക്കു മടങ്ങുന്നവരും നാട്ടിലേക്കു വരുന്നവരും സൂക്ഷിക്കുക.

എമിറേറ്റ്‌സ് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. ജനുവരി രണ്ടിനു യാത്ര ചെയ്യുന്നവര്‍ കുറഞ്ഞത് ടേക്ക് ഓഫിനു മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് എമിറേറ്റ്‌സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നഗരത്തില്‍ കടുത്ത ഗതാഗതക്കുരുക്കിനു സാധ്യതയുള്ളതിനാല്‍ വീടുകളില്‍നിന്നു നേരത്തേ യാത്ര പുറപ്പെടാനും അധികൃതര്‍ ആവശ്യപ്പെടുന്നു.വിമാനം പുറപ്പെടുന്നതിന് ആറു മണിക്കൂര്‍ മുമ്പു തന്നെ ടെര്‍മിനല്‍ മൂന്നില്‍ ചെക്ക് ഇന്‍ ചെയ്യാനാകും. എമിറേറ്റ്‌സ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാര്‍ പാര്‍ക്ക് ചെക്ക് ഇന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പു മുതല്‍ ആറു മണിക്കൂര്‍ മുമ്പു വരെ കാര്‍ പാര്‍ക്ക് ചെക്ക് ഇന്നിലെ 16 കൗണ്ടറുകള്‍ വഴി ലഗേജ് നല്‍കാം.

ജനുവരിയിലെ ആദ്യ മൂന്നു ദിവസങ്ങളില്‍ ടെര്‍മിനല്‍ മൂന്നിലൂടെ മാത്രം രണ്ടരലക്ഷത്തോളം പേര്‍ കടന്നുപോകുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍നിന്ന് അവധി കഴിഞ്ഞു മടങ്ങുന്നവരാവും ഇതില്‍ അധികവും. 2016 ജനുവരിയില്‍ 73 ലക്ഷം യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിലൂടെ കടന്നുപോയത്.