അവതാര്‍ തട്ടിപ്പു കേസില്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന മമ്മൂട്ടിയെ പ്രതിചേര്‍ക്കണമെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു

single-img
31 December 2016

തിരുവനന്തപുരം: അവതാര്‍ തട്ടിപ്പു കേസില്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന മമ്മൂട്ടിയെ പ്രതി ചേര്‍ക്കണമെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഉടമകള്‍ കബളിപ്പിച്ചെന്ന പരാതിയിലാണ് ബ്രാന്‍ഡ് അംബാസിഡര്‍ക്കെതിരെ നിക്ഷേപകര്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ രണ്ടാംപ്രതിയും പാര്‍ട്‌നര്‍മാരില്‍ പ്രധാനിയുമായ നാസറിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പോലിസ് അനാസ്ഥക്കെതിരേയും നിക്ഷേപകര്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു അവതാര്‍ ഉടമകളില്‍ രണ്ടു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. തങ്ങള്‍ നിക്ഷേപത്തിനു തയ്യാറായത് മമ്മൂട്ടിയിലുള്ള വിശ്വാസത്തെ തുടര്‍ന്നാണെന്നായിരുന്നു നിക്ഷേപകരുടെ പരാതി. 150 കോടിയുടെ നിക്ഷേപമായിരുന്നു അവതാറില്‍ നടന്നിട്ടുണ്ടായത്. അവതാറിന്റെ പ്രധാന പാര്‍ട്‌നര്‍മാര്‍ മൂന്ന് സഹോദരങ്ങളാണ് ഇതില്‍ അബ്ദുല്ല, ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. അന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് നടപടികളില്‍ മനുഷ്യാവകാശ കമ്മീഷന്‍ അതൃപ്തി അറിയിച്ചു.

500 ഗ്രാം മുതല്‍ കിലോക്കണക്കിന് സ്വര്‍ണം വരെ നിക്ഷേപിച്ചവരുണ്ട്. പെണ്‍മക്കളുടെ കല്യാണ ആവശ്യത്തിനായി സ്വരൂക്കൂട്ടിയ സ്വര്‍ണം നഷ്ടമായവരും കൂട്ടത്തിലുണ്ട്. വിദേശത്തും കേരളത്തിന് പുറമെ അവതാറിന്റെ വിദേശത്തെ ജൂവല്ലറികള്‍ക്കും പൂട്ട് വീണതായാണ് വിവരം മമ്മൂട്ടിയുടെ താരമൂല്യം പരമാവധി പ്രയോജനപ്പെടുത്തിയാണ് അവതാര്‍ പരസ്യങ്ങള്‍ പുറത്തിറങ്ങിയത്. ഇങ്ങനെ അവതാറിന്റെ ശാഖകളില്‍ സ്വര്‍ണം ഏല്‍പ്പിച്ചാല്‍ പ്രതിമാസം പലിശ നിരക്കിലുള്ള സ്വര്‍ണം ലഭിയ്ക്കുമെന്നായിരുന്നു വാഗ്ദാനം.മുമ്പ് ഇന്ദുലേഖ സോപ്പിന്റെ പരസ്യവുമായി ബന്ധപ്പെട്ടും മമ്മൂട്ടി വിവാദത്തിലായിട്ടുണ്ട്.