മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി;തൃപ്തി ദേശായി വേഷംമാറി എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.

single-img
31 December 2016


മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സന്നിധാനത്തും പമ്പയിലും എരുമേലിയിലുമായി മൂവായിരം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കര്‍ണാടക പൊലീസിന്റെ പുതിയ ബാച്ച് ഇന്ന് ശബരിമലയിലെത്തും.

അതിനിടെ സന്നിധാനത്ത് അയ്യപ്പദര്‍ശനത്തിന് തൃപ്തി ദേശായി വേഷംമാറി എത്താന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പമ്പയിലും കാനനപാതയായ പുല്‍മേട്ടിലും പോലീസ് പരിശോധന കര്‍ശനമാക്കി. ഓരോ അയ്യപ്പന്മാരെയും നിരീക്ഷിച്ച ശേഷമാണ് കടത്തിവിടുന്നത്.തൃപ്തി ദേശായി വരുമ്പോള്‍ തടയാന്‍ സംവിധാനങ്ങളെല്ലാം സന്നിധാനത്തുണ്ടെന്ന് പത്തനംതിട്ട എസ്.പി. ഹരിശങ്കര്‍ പറഞ്ഞു.തൃപ്തി ദേശായി ഇപ്പോള്‍ പുണെയിലാണുള്ളത്.
സന്നിധാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1500ലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പന്ത്രണ്ട് ഡി.വൈ.എസ്.പിമാരുടെയും മുപ്പത് സി.ഐ.മാരുടെയും നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണം. പമ്പയില്‍ 1100ലധികം പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്.തീര്‍ഥാടകരുടെ സേവകരെന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്നും വാക്കുകളില്‍പോലും മര്യാദകാട്ടണമെന്നും പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സ്പെഷല്‍ ഓഫിസര്‍ പറഞ്ഞു.