അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു

single-img
31 December 2016

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു. തിരക്കിട്ട ചര്‍ച്ചകള്‍കക്കൊടുവിലാണ് തീരുമാനം. അഖിലേഷ് യാദവിനൊപ്പം പുറത്താക്കിയ രാം ഗോപാല്‍ യാദവിനെയും തിരിച്ചെടുത്തിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി സ്റ്റേറ്റ് പ്രസിഡന്റ്് ശിവപാല്‍ യാദവ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വെള്ളിയാഴ്ച മുലായം സിംഗ് യാദവ് അഖിലേഷിനെ പുറത്താക്കിയത്. ഇതിനു പിന്നാലെ ഇന്ന് രാവിലെ അഖിലേഷ് തന്റെ വസതിയിൽ പാർട്ടി എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗം വിളിച്ചു. ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ച പ്രാതിനിധ്യമാണ് ഈ യോഗത്തിൽ ഉണ്ടായത്. 229 എംഎൽഎമാർ ഉള്ളതിൽ 200ഓളം പേരും അഖിലേഷിനു പിന്തുണയുമായെത്തി. ഇതിനു പുറമേ പാർട്ടിയിലെ മുതിർന്ന നേതാക്കളും മുഖ്യമന്ത്രിക്ക് പിന്തുണയറിയിച്ചു. ഇതോടെ ഔദ്യോഗിക നേതൃത്വം വിഷമവൃത്തത്തിലായി. ഇതിനു ശേഷം പിതാവും പാർട്ടി തലവനുമായ മുലായം സിംഗ് യാദവുമായും അഖിലേഷ് കൂടിക്കാഴ്ച നടത്തി. ഈ യോഗത്തിനു ശേഷമാണ് അഖിലേഷിനെയും ഒപ്പം രാം ഗോപാൽ യാദവിനെയും പാർട്ടിയിൽ തിരിച്ചെടുക്കാൻ തീരുമാനമായത്.

സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവും മന്ത്രിയുമായ അസംഖാന്റെ നേതൃത്വത്തിലുളള സമവായ ചര്‍ച്ചയിലാണ് അഖിലേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനമായത്. അഖിലേഷിനൊപ്പം പുറത്താക്കിയ അദ്ദേഹത്തിന്റെ സഹായി രാം ഗോപാല്‍ യാദവിനെയും തിരിച്ചെടുക്കാന്‍ തീരുമാനികക്കുകയായിരുന്നു. അമര്‍ സിങ്ങിനെ പാര്‍ട്ടിയ്ക്കു പുറത്തുനിര്‍ത്തണമെന്ന നിബന്ധനയാണ് അഖിലേഷ് ചര്‍ച്ചയില്‍ വെച്ചതെന്നാണ് സൂചന. ഇത് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു.