എലിയെ തിന്ന് കര്‍ഷകരുടെ വേറിട്ട പ്രതിഷേധം; ദാരിദ്ര്യം കാരണം തങ്ങള്‍ എലിയെ തിന്നാന്‍ നിര്‍ബന്ധിതരായെന്ന് കര്‍ഷകര്‍

single-img
31 December 2016

തിരുച്ചിറപ്പള്ളി: കര്‍ഷകരെ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ എലിയെ തിന്ന് തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രതിഷേധം. കനത്ത കൃഷിനാശം ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.
തിരുച്ചിറപ്പള്ളി കര്‍ഷക അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാല്‍പ്പതോളം കര്‍ഷകരാണ് പ്രതിഷേധിച്ചത്. ചത്ത എലിയെ വായില്‍ കടിച്ചുപിടിച്ച്, ദാരിദ്ര്യം കാരണം തങ്ങള്‍ എലിയെ തിന്നാന്‍ നിര്‍ബന്ധിതരായെന്ന് പ്രതിഷേധത്തില്‍ അണിചേര്‍ന്ന കര്‍ഷകര്‍ പറഞ്ഞു.

കാര്‍ഷിക ലോണുകളെല്ലാം എഴുതിത്തള്ളി കൃഷിനാശം നേരിട്ടവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. മണ്‍സൂണ്‍ മഴയുടെ അഭാവത്താലും കാവേരി നദിയില്‍ നിന്നും വെള്ളം ലഭിക്കാത്തതിനാലും സംസ്ഥാനം കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. കൃഷിനാശത്തില്‍ മനംനൊന്ത് രണ്ട് മാസത്തിനിടെ 47 കര്‍ഷകര്‍ ദീവനൊടുക്കി. വെള്ളിയാഴ്ച്ച അഞ്ച് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്‌തെന്ന് പ്രാദേശിക ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ഷകരുടെ പരാതി സംസ്ഥാന സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ടെന്നാണ് ജില്ലാ കളക്ടറുടെ പ്രതികരണം.