മോഡിജീ ഇന്ത്യ കാത്തിരിക്കുന്നു നിങ്ങളുടെ ഉത്തരത്തിനായി; പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് രാഹുല്‍

single-img
30 December 2016

 


ന്യൂഡല്‍ഹി: നോട്ട് നിരോധനം കഴിഞ്ഞ് 50 ദിവസമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കഴിഞ്ഞ ദിവസം ചോദിച്ച അഞ്ചു ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണു രാഹുല്‍ ചോദ്യങ്ങള്‍ വീണ്ടും ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലായിരുന്നു രാഹുല്‍ ചോദ്യങ്ങള്‍ ആദ്യം ഉന്നയിച്ചത്. ഇപ്പോള്‍ ട്വിറ്ററിലൂടെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചിരിക്കുകയാണ് രാഹുല്‍. മോഡിജീ ഇന്ത്യ നിങ്ങളുടെ ഉത്തരത്തിനായി കാത്തിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്കൊപ്പം പറയുന്നു. അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയായിട്ടും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ജനങ്ങള്‍ക്കായിട്ടില്ല. പൊറുതി മുട്ടുകയാണ് പൊതുജനം.
രാഹുലിന്റെ ചോദ്യങ്ങള്‍:

1) നോട്ട് നിരോധനത്തിനുശേഷം മൊത്തം എത്ര കള്ളപ്പണം പിടിച്ചെടുത്തു?

2) രാജ്യത്തിന് എത്ര സാമ്പത്തിക നഷ്ടം വന്നു? എത്ര തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി?

3) നോട്ട് അസാധുവാക്കല്‍ കാരണം എത്ര സാധാരണക്കാരുടെ ജീവന്‍ നഷ്ടമായി? ഇതില്‍ എത്രപേര്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി?

4) നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മുന്‍പ് എത്ര സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി? അവര്‍ ആരൊക്കെയാണ്?

5) നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ആറുമാസം മുമ്പ് 25 ലക്ഷം രൂപ വീതം നിക്ഷേപിച്ചവരുടെ പേരു വിവരം പുറത്തുവിടണം.