തമിഴ്‌നാട് ഇനി ചിന്നമ്മയുടെ കൈകളിലോ? ശശികല മുഖ്യന്ത്രി സ്ഥാനത്തേയ്ക്കെന്ന് അഭ്യൂഹം

single-img
30 December 2016

 


അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികല അധികാരമേല്‍ക്കുമെന്ന് സൂചന. ജയയുടെ മരണശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികലയെ എഐഎഡിഎംകെ പാര്‍ട്ടി ഏകകണ്ഠേന തിരഞ്ഞെടുത്തിരുന്നു. തുടക്കം മുതലേ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ശശികല തന്നെ മുഖ്യമന്ത്രിയാകണമെന്നും ആവശ്യപ്പെട്ടിരുന്നു.

അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥനത്തേയ്ക്ക് ശശികല നടരാജന്‍ തിരഞ്ഞെടുക്കപ്പെട്ട് അധികാരമേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഓഫീസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതായാണ് പുതിയ വാര്‍ത്ത. വര്‍ഷം തോറും നടത്താറുള്ള അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും, അത് ശശികലയുടെ മുഖ്യമന്ത്രിയായി ആരോഹണം ചെയ്യാനുള്ള ഒരുക്കമാണെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ അഭ്യൂഹങ്ങള്‍ ഉണ്ട്. ചില പ്രധാന വാസ്തുശാസ്ത്രപരമായ മാറ്റങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുത്തുന്നുണ്ടെന്നാണ് അറിവ്.

ശശികല ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അണ്ണാ ഡിഎംകെയിലെ നിയമസഭാംഗങ്ങളുടെ കൂടിക്കാഴ്ച ഏര്‍പ്പാടാക്കി ശശികലയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാനും ജനുവരി അവസാനത്തിനുള്ളില്‍ ജയലളിത ഉപയോഗിച്ചിരുന്ന ഓഫീസില്‍ ശശികല എത്തുമെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ സംസാരം നടക്കുന്നുണ്ട്.