റിയാദില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അഞ്ചംഗസംഘം മലയാളിയുടെ കട കൊള്ളയടിച്ചു; മലപ്പുറം സ്വദേശിയുടെ 4500 റിയാലും ടെലിഫോണ്‍ കാര്‍ഡുകളും നഷ്ടമായി

single-img
30 December 2016

 


റിയാദ്: റിദായില്‍ കാറിലത്തെിയ അഞ്ചംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മലയാളിയുടെ കട കൊള്ളയടിച്ചു. എക്സിറ്റ് 5ലെ കിങ്ഡം ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് സംഭവം. മലപ്പുറം ചെമ്മാട് കൊടിഞ്ഞി സ്വദേശി താജുദ്ദീന്‍ പാട്ടശ്ശേരിയുടെ കടയിലാണ് കവര്‍ച്ച നടന്നത്.

അഞ്ച് പേരില്‍ നാലുപേര്‍ വാളും തോക്കുമായി കടയിലേക്ക് കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. താജുദ്ദീന്റെ സഹോദരനും രണ്ട് ജോലിക്കാരും പരിസരത്ത് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ജോസഫുമാണ് കടയിലുണ്ടായിരുന്നത്. വന്ന് കയറിയ ഉടന്‍ സംഘത്തിലൊരാള്‍ കൗണ്ടറിന് സമീപം നിന്ന ജോസഫിന്റെ കൈക്ക് വെട്ടുകയായിരുന്നു. ഇത് തടഞ്ഞതോടെ അക്രമി കാലില്‍ വെട്ടി. ഇതോടെ ജോസഫ് താഴെ വീണു. ഈ സമയം സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ തോക്ക് ചൂണ്ടി ബാക്കി ഉണ്ടായിരുന്നവരുടെ മൊബൈലും പഴ്സും കൈക്കലാക്കി.

അക്രമികളിലൊരാള്‍ കൗണ്ടറില്‍ കയറി മുഴുവന്‍ പണവും ടെലിഫോണ്‍ കാര്‍ഡുകളും എടുത്ത് രക്ഷപ്പെടുകയായിരുന്നു. മേശയില്‍ ഉണ്ടായിരുന്ന 4500 റിയാലും 1500 റിയാലിന്റെ ടെലിഫോണ്‍ കാര്‍ഡുകളും നഷ്ടമായി. പരാതി നല്‍കിയതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടോടെ സമീപത്തെ സ്റ്റേഷനില്‍ നിന്ന് പൊലീസത്തെി തെളിവെടുപ്പ് നടത്തി.