ഝാര്‍ഖണ്ഡ് ഖനി അപകടം; ഏഴ് മരണം സ്ഥിരീകരിച്ചു; 23 പേരെ കാണാനില്ല, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

single-img
30 December 2016

 

ഝാര്‍ഖണ്ഡില്‍ ഇന്നലെ രാത്രിയുണ്ടായ ഖനിയപകടത്തില്‍ ഏഴ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 23 പേരെ കാണാനില്ലെന്നാണ് ഇന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഗൊഡ്ഡ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്.

നേരത്തെ അറുപതോളം പേര്‍ മണ്ണിനടിയിലുണ്ടെന്ന് ആശങ്കയുയര്‍ന്നിരുന്നെങ്കിലും ഖനിയുടെ ഒരു വശത്ത് മണ്ണിടിച്ചിലുണ്ടായ സമയത്ത് തൊഴിലാളികള്‍ പുറത്തേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നതിനാല്‍ നിരവധി പേര്‍ അപ്പോഴേക്കും ഖനിയ്ക്ക് പുറത്തെത്തിയിരുന്നു. ഖനിയില്‍ ഉപയോഗിക്കുന്ന നിരവധി വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി അധികൃതര്‍ 200ലേറെ ദേശിയ ദുരന്ത നിവാരണ സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെങ്കിലും കനത്ത മൂടല്‍ മഞ്ഞ് മൂലം ഇന്ന് രാവിലെ മാത്രമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡാണ് അപകടമുണ്ടായ ഖനി നടത്തുന്നത്.