നോട്ട് അസാധുവാക്കലിന്റെ പേരില്‍ ബാബാ രാംദേവിന്റെ കള്ളക്കച്ചവടം; നോട്ട് പ്രതിസന്ധിഘട്ടത്തില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങി ലാഭം കൊയ്യാന്‍ പരസ്യത്തില്‍ ആഹ്വാനം

single-img
30 December 2016

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സാധാരണക്കാരെ വലയ്ക്കുമ്പോള്‍ അതിന്റെ പേരില്‍ കച്ചവടം നേടാന്‍ ബാബാ രാംദേവിന്റെ പരസ്യം. തന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങി ലാഭം നേടൂവെന്നാണ് യോഗ ഗുരു പറയുന്നത്.

നോട്ട് നിരോധനം ഒരു വിധത്തിലുമുള്ള പ്രശ്‌നങ്ങളും രാജ്യത്ത് സൃഷ്ടിച്ചിട്ടില്ലെന്നും നിലവിലുള്ള ചെറിയ പ്രതിസന്ധി വരും ദിവസങ്ങളില്‍ പരിഹരിക്കപ്പെടുമെന്നും ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനോടും ബിജെപിയോടും ഏറെ അടുപ്പം പുലര്‍ത്തുന്ന രാംദേവ് നോട്ട് അസാധുവാക്കല്‍ മൂലം മാന്ദ്യമുണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘വിവേകവും സാമര്‍ത്ഥ്യവുമുള്ള സന്തുഷ്ട കുടുംബക്കാരനാകൂ’ എന്ന തലക്കെട്ടിലാണ് പരസ്യം.

നോട്ട് അസാധുവാക്കല്‍ മൂലമുണ്ടായ മാന്ദ്യത്തിന്റെ ഈ ഘട്ടത്തില്‍ പ്രകൃതിദത്തമായ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് 25-50% ലാഭിക്കൂ. നമ്മുടെ രാജ്യത്തെ സേവിക്കന്നതില്‍ അഭിമാനം കൊള്ളൂവെന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം. കൂടാതെ പരസ്യങ്ങളുടെ തിളക്കത്തിലും തെറ്റായ പ്രചരണങ്ങളിലും പ്രലോഭനങ്ങള്‍ക്കുമിരയായി നിങ്ങളുടെ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും ജീവിതം കൊണ്ട് കളിക്കരുതെന്നും രാംദേവ് മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യം നോട്ട് പ്രതിസന്ധി മൂലം ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴാണ് രാംദേവിന്റെ ഈ പരസ്യമെന്നത് ശ്രദ്ധേയമാണ്. നോട്ട് പ്രതിസന്ധി മൂലം വലയുന്ന ജനങ്ങളോട് 25 മുതല്‍ 50 ശതമാനം വരെ ലാഭം ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ നേടൂ എന്ന് വാഗ്ദാനം നല്‍കി തന്റെ കച്ചവടം വര്‍ദ്ധിപ്പിക്കാമെന്ന തന്ത്രമാണ് രാംദേവ് ഇവിടെ പയറ്റുന്നത്. രാജ്യസ്‌നേഹത്തെയും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെയും കുറിച്ച് വാചാലനാകുന്ന രാംദേവ് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നിലപാട് മുലം ജനങ്ങള്‍ക്കുണ്ടായ നിവൃത്തികേടിനെ ലാഭം കൊയ്യാനുള്ള തന്ത്രമാക്കുകയാണ്.

അതേസമയം പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നേരത്തെയും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് പതഞ്ജലി ആയുര്‍വേദിക്‌സിന് ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ കോടതി 11 ലക്ഷം രൂപ പിഴയിട്ടത് ഡിസംബര്‍ 15നാണ്. മറ്റ് കമ്പനികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ സ്വന്തം കമ്പനിയില്‍ നിര്‍മ്മിച്ചതാണെന്ന് കാണിച്ച് പരസ്യം നല്‍കിയതും വിറ്റതുമാണ് പിഴശിക്ഷയ്ക്ക് കാരണമായത്. ഭക്ഷ്യ സുരക്ഷ നിയമത്തിലെ 52, 53 വകുപ്പുകളും പാക്കേജിങ് ആന്‍ഡ് ലേബലിങ് ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് അന്ന് പിഴ വിധിച്ചത്.

കൂടാതെ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലൈസന്‍സില്ലാതെയാണ് പതഞ്ജലിയുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നതെന്നും നേരത്തെ ആരോപണമുയര്‍ന്നിട്ടുണ്ട്. പിന്നീട് പതഞ്ജലി പുറത്തിറക്കുന്ന നൂഡില്‍സ് നിലവാരമില്ലാത്തതാണെന്നും അനുവദനീയമായതില്‍ കൂടുതല്‍ ക്ഷാരം ഉപയോഗിക്കുന്നുണ്ടെന്നും പിന്നീട് തെളിഞ്ഞു. കേന്ദ്രസര്‍ക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് അന്നെല്ലാം പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ വീണ്ടും വിപണിയിലെത്തുകയായിരുന്നു.