കോണ്‍ഗ്രസ് നേതൃനിരയില്‍ നിന്നും ഉമ്മന്‍ ചാണ്ടി ഒഴിയുന്നു; ഇനി സാധാരണ പ്രവര്‍ത്തകനെ പോലെ മാത്രം പ്രവര്‍ത്തിക്കുമെന്ന് തീരുമാനം

single-img
30 December 2016

 


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് നേതൃനിരയില്‍ നിന്നൊഴിയുന്നു. ഇത് സംബന്ധിച്ച് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവരെ അദ്ദേഹം തീരുമാനം അറിയിച്ചു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് നേതാക്കള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിലപാട് മാറ്റാന്‍ തയാറായിട്ടില്ല. തന്റെ നേതൃത്വം പാര്‍ട്ടിക്ക് ആവശ്യമില്ലെങ്കില്‍ ഇനി സാധാരണ പ്രവര്‍ത്തകനെപ്പോലെ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് തീരുമാനം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയിലോ മുന്നണിയിലോ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന ശക്തമായ നിലപാട് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ഗ്രൂപ്പുകള്‍ക്കതീതമായി നിരവധി എം.എല്‍.എമാരും നേതാക്കളും ആഗ്രഹിക്കുകയും സമ്മര്‍ദം നടത്തുകയും ചെയ്തിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെയാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയത്. ഇതിനുശേഷം, കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ യു.ഡി.എഫ് ചെയര്‍മാനാക്കുന്ന രീതിക്ക് മാറ്റംവരുത്തി ഉമ്മന്‍ ചാണ്ടിയെ തല്‍സ്ഥാനത്ത് കൊണ്ടുവരാന്‍ മുന്നണിയോഗം തീരുമാനിച്ചു.

ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച അദ്ദേഹം ആ പദവിയും നിരാകരിക്കുകയായിരുന്നു. ഘടകകക്ഷികള്‍ ഉള്‍പ്പെടെ സമ്മര്‍ദം ചെലുത്തിയിട്ടും വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് ആഴ്ചകള്‍ക്കുശേഷമാണ് ചെന്നിത്തലയെ യു.ഡി.എഫ് ചെയര്‍മാനായും തീരുമാനിച്ചത്. സ്ഥാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചപ്പോഴും നേതൃനിരയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ പ്രത്യേക പദവികളില്ലാതെ തന്നെ, സംസ്ഥാന കോണ്‍ഗ്രസിലും മുന്നണിയിലും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സുപ്രധാന പങ്കാണ് ഉമ്മന്‍ ചാണ്ടി വഹിച്ചുവരുന്നത്.

സാധാരണ പ്രവര്‍ത്തകനെപ്പോലെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലും തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് രമേശ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാന്‍ തയാറായില്ല. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗത്തിന്റെ തീയതിയുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാന്‍ ഉമ്മന്‍ ചാണ്ടി തയാറാകാത്തതും ഈ തീരുമാനത്തിന്റെ തുടര്‍ച്ചയായാണ്. മുഖ്യനേതാക്കള്‍ക്ക് സൗകര്യപ്രദമായ ദിവസമാണ് സാധാരണ യോഗം ചേരുന്നത്. എന്നാല്‍ നേതൃനിരയിലില്ലാത്ത, രാഷ്ട്രീയകാര്യ സമിതിയിലെ സാധാരണ അംഗം മാത്രമായ സാഹചര്യത്തില്‍, തന്റെ സൗകര്യം നോക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. യോഗദിവസം സ്ഥലത്ത് ഉണ്ടെങ്കില്‍ മറ്റംഗങ്ങളെപ്പോലെ താനും പങ്കെടുക്കുമെന്ന് പറയുന്നതും ഇതേ കാരണത്താലാണ്.