എം.ടിയെ ബിജെപി അപമാനിച്ചിട്ടില്ല; പാര്‍ട്ടി പറഞ്ഞത് അവരുടെ അഭിപ്രായം മാത്രമാണെന്ന് കുമ്മനം

single-img
30 December 2016

 


തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരന്‍ എം.ടിക്കെതിരായ വിമര്‍ശനത്തെ ന്യായീകരിച്ച് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എം.ടി. വാസുദേവന്‍ നായരെ ബി.ജെ.പി അപമാനിച്ചിട്ടില്ല. എം.ടിയും ബി.ജെപിയും അവരവരുടെ അഭിപ്രായങ്ങളാണ് പറഞ്ഞതെന്ന് കുമ്മനം പറഞ്ഞു.

നോട്ട് അസാധുവാക്കലിനെ സിനിമ നടന്‍ മോഹന്‍ലാല്‍ ന്യായീകരിച്ചിരുന്നു. അന്ന് മോഹന്‍ലാലിനെ ധനമന്ത്രി തോമസ് ഐസക്ക് വിമര്‍ശിച്ചിരുന്നു. സിപിഎം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല, എന്നാല്‍ ബിജെപി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്നമുണ്ടാക്കുന്നത് ശരിയല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.ടി. വസ്തുതകള്‍ നോക്കാതെയാണ് പ്രതികരിക്കുന്നത്. ടി.പി. വധക്കേസിലും മുത്തലാഖിലും പ്രതികരിക്കാതിരുന്ന എം.ടി. വാസുദേവന്‍ നായര്‍ നോട്ട് അസാധുവാക്കല്‍ പ്രശ്നത്തില്‍ പ്രതികരിക്കുന്നത് ആരെയോ പ്രീതിപ്പെടുത്താനാണ് തുടങ്ങിയ ആരോപണങ്ങളാണ് ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉയര്‍ത്തിയത്. ഇതിനെതിരെ സിപിഎമ്മും ചരിത്രകാരന്‍ എം.ജിഎസ് അടക്കമുള്ളവരും ബിജെപിയെ വിമര്‍ശിച്ചിരുന്നു. അതിന് മറുപടി നല്‍കുകയായിരുന്നു കുമ്മനം രാജശേഖരന്‍.