ഝാര്‍ഖണ്ഡില്‍ ഖനി അപകടം; 60 പേര്‍ കുടുങ്ങിയതായി സംശയം; കനത്ത മൂടല്‍ മഞ്ഞില്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു

single-img
30 December 2016

 

ഝാര്‍ഖണ്ഡിലെ ഗൊഡ്ഡ ജില്ലയിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് അറുപതിലേറെ പേര്‍ കുടുങ്ങയതായി സംശയം. ഇന്നലെ അര്‍ദ്ധരാത്രിയോടെ ഖനിയില്‍ ജോലി നടക്കുന്നതിനിടെ ഒരുഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കനത്ത മൂടല്‍മഞ്ഞ് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.

പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. ഇതുവരെയും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ ഫിരിയ ബോറിയയിലുള്ള രാജ്മഹല്‍ ഓപ്പണ്‍ കാസ്റ്റ് മൈന്‍സില്‍ ആണ് അപകടമുണ്ടായത്. ഖനികളില്‍ ഉപയോഗിക്കുന്ന ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പതോളം വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷം ഖനിയിലേക്ക് വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. അര്‍ദ്ധരാത്രി വരെ ഇത് തുടര്‍ന്നു.

ഖനിക്കുള്ളില്‍ കുടുങ്ങിയിരിക്കുന്നവരുടെയും വാഹനങ്ങളുടെയും യഥാര്‍ത്ഥ സംഖ്യ ഇപ്പോഴും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും ഗൊഡ്ഡ എസ്പി ഹരിലാല്‍ ചൗഹാന്‍ അറിയിച്ചു. 200 അടി താഴ്ചയിലാണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പാട്‌നയില്‍ നിന്നും ദേശീയ ദുരന്തനിവാരണ സേന എത്തിച്ചേര്‍ന്നിട്ടുണ്ട്.