അഭിനയത്തില്‍ നിന്നും വിരമിക്കുന്നെന്ന വാര്‍ത്ത എഴുത്തുകാരന്റെ ഭാവന മാത്രമാണെന്ന് താരാ കല്ല്യാണ്‍; വാര്‍ത്തയ്‌ക്കെതിരെ താരം രംഗത്ത്

single-img
29 December 2016


അഭിനയത്തില്‍ നിന്ന് വിരമിക്കുന്നു എന്ന വാര്‍ത്ത എഴുത്തുകാരന്റെ ഭാവന മാത്രമാണെന്ന് പ്രമുഖ അഭിനേത്രി താരാ കല്ല്യാണ്‍. പ്രമുഖ മലയാള ഓണ്‍ലൈന്‍ മാധ്യമമടക്കം താരാ കല്ല്യാണ്‍ അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്ന് താരാകല്ല്യാണ്‍ ഇവാര്‍ത്തയോട് പ്രതികരിച്ചു. ശാരീരിക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാണ് ഇപ്പോള്‍ താരാ കല്ല്യാണ്‍.

തന്നേക്കാള്‍ ഏറെ പ്രായക്കൂടുതലുള്ള നടന്മാരുടെ അമ്മവേഷം തുടര്‍ച്ചയായി ചെയ്യേണ്ടി വരുന്നത് മടുപ്പിക്കുന്നു. സിനിമാ അഭിനയം തനിക്ക് സന്തോഷം നല്‍കുന്നില്ല. 20കളുടെ മദ്ധ്യത്തില്‍ പോലും മൂന്ന് മടങ്ങ് പ്രായക്കൂടുതലുള്ള നടന്മാര്‍ക്ക് അമ്മയാകേണ്ടി വന്നിട്ടുണ്ടെന്നും ഇപ്പോഴും അതു തന്നെയാണ് ചെയ്യേണ്ടി വരുന്നതെന്നും നടി പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

കരിയറില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായി ചൂണ്ടിക്കാണിക്കപ്പെടേണ്ട റോള്‍ ഇതുവരെ വന്നില്ലെന്നും താരം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരാ കല്യാണ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതുവരെ റോളുകള്‍ക്ക് വേണ്ടി പിന്നാലെ പോയിട്ടില്ല. വരുന്നതിനോട് 100 ശതമാനം സമര്‍പ്പണം നല്‍കി അവതരിപ്പിക്കുകയാണ് ചെയ്യാറ്. സീരിയലില്‍ തന്നെ പതിവില്‍ നിന്നും മാറ്റിയത് ഹലോ കുട്ടിച്ചാത്തനിലെ ഗ്ലാമറസായ ദുഷ്ട കഥാപാത്രമാണ്. കൃഷ്ണതുളസിയിലെ പാവമായ മല്ലികയും ഹലോ കുട്ടിച്ചാത്തനിലെ പാപ്പമ്മാളും തമ്മില്‍ ഏറെ വ്യത്യസമുണ്ട്. പാപ്പമ്മാളെ അവതരിപ്പിക്കാന്‍ നൃത്തം സഹായകരമായെന്നും പറഞ്ഞു. നൃത്തം ഏറെ ഇഷ്ടപ്പെടുന്ന താന്‍ എന്ത് നഷ്ടപ്പെടുത്തിയാലും നൃത്തത്തിനുള്ള അവസരം ഒഴിവാക്കാറില്ലെന്നും പറഞ്ഞു എന്നുമാണ് വാര്‍ത്തകള്‍ വന്നിരുന്നത്.

എന്നാല്‍ ഇതൊക്കെ വ്യാജവാര്‍ത്തയാണെന്നാണ് താരാ കല്ല്യാണ് പറയുന്നത്. മാധ്യമങ്ങള്‍ സമൂഹത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനെ അംഗീകരികക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുന്നതിലൂടെ ആര്‍ക്കാണ് ലാഭമുണ്ടാകുന്നത് എന്ന് ചിന്തിക്കേണ്ടതാണ് എന്നും താരാ കല്ല്യാണ്‍ കൂട്ടി ചേര്‍ത്തു. കറുത്തമുത്ത് തുടങ്ങി നിരവധി സീരിയലുകളില്‍ ഇപ്പോഴും അഭിനയിച്ച് വരികയാണ്. കലാകാരന്‍മാരെ പിന്തുണയ്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത് എന്നും താരാകല്ല്യാണ്‍ ഇവാര്‍ത്തയോട് പ്രതികരിച്ചു.