കേന്ദ്രത്തിനെതിരെ എല്‍ഡിഎഫിന്റെ മനുഷ്യച്ചങ്ങല; അണിനിരന്നത് ലക്ഷങ്ങള്‍

single-img
29 December 2016

 

നോട്ട് നിരോധനം അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ അണിനിരന്നു. തിരുവനന്തപുരം രാജ്ഭവനില്‍ നിന്ന് തുടങ്ങിയ മനുഷ്യച്ചങ്ങല കാസര്‍കോഡ് വരെ നീണ്ടു.

നാടിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവരാണ് മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ത്തത്. നോട്ട് നിരോധനത്തിലൂടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. കലാസാംസ്‌കാരിക കായിക പ്രതിഭകളും യുവാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും തൊഴിലാളികളും കര്‍ഷകരും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. വൈകുന്നേരം അഞ്ച് മണിയോടെയാണ് എല്‍ഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മനുഷ്യച്ചങ്ങലയുടെ ഭാഗമായത്.

സഹകരണ മേഖലയെ ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് താക്കീത് നല്‍കാനും ഇന്നത്തെ ജനകീയ പ്രതിഷേധത്തിന് സാധിച്ചു. വൈകിട്ട് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് ആലപ്പുഴ വഴിതൃശൂര്‍, ചെറുതുരുത്തി, നീലിയാട്, എടപ്പാള്‍, കുറ്റിപ്പുറം വഴി കാസര്‍കോട് ടൗണ്‍ വരെ ദേശീയപാതയുടെ ഇടതുവശത്താണ് മനുഷ്യച്ചങ്ങല അണിനിരന്നത്. ഇടുക്കി, വയനാട് ജില്ലകളിലും ജനങ്ങള്‍ ഇതിന്റെ ഭാഗമായി. അതേസമയം പത്തനംതിട്ട കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയിലെത്തിയാണ് മനുഷ്യച്ചങ്ങലയിലെ കണ്ണികളായത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വിഎസ് അച്യുതാനന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ജനതാദള്‍ ദേശീയ നേതാവ് നീലലോഹിതദാസന്‍ നാടാര്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയ നേതാക്കള്‍ കണ്ണികളായി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആലപ്പുഴയിലും പന്ന്യന്‍ രവീന്ദ്രന്‍, രണ്‍ജി പണിക്കര്‍ എന്നിവര്‍ എറണാകുളത്തും പങ്കെടുത്തു.