മോഡിയുടെ റാലിയില്‍ പങ്കെടുത്താല്‍ പണവും ഭക്ഷണവും നല്‍കാമെന്ന് വാഗ്ദാനം; സംഘാടകര്‍ പറ്റിച്ചെന്ന് ജനങ്ങള്‍

single-img
29 December 2016

 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിയില്‍ പങ്കെടുത്താല്‍ പണവും ഭക്ഷണവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സംഘാടകര്‍ പറ്റിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നുമെല്ലാം ബസുകളില്‍ ഡെറാഡൂണിലെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിച്ചവരെയാണ് ഭക്ഷണമോ കുടിവെള്ളമോ പോലും നല്‍കാതെ സംഘാടകര്‍ മടക്കിയയച്ചത്.

12 മണിക്കൂറോളം യാത്ര ചെയ്ത് റാലിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ടോയ്‌ലറ്റ് സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പുറത്തുവിട്ടു. ‘ചൊവ്വാഴ്ചത്തെ റാലിയില്‍ പങ്കെടുക്കാനായി തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ഞങ്ങള്‍ കിച്ചയില്‍ നിന്നും പുറപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഡെറാഡൂണില്‍ എത്തി. എന്നാല്‍ അവിടെ യാതൊരു സൗകര്യവും ഒരുക്കിയിരുന്നില്ല. ഭക്ഷണമെല്ലാം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ യാത്ര ചെയ്ത ബസുകള്‍ ഒരുക്കിയതല്ലാതെ സംഘാടകര്‍ മറ്റൊന്നിനും തയ്യാറായില്ല. റാലിയില്‍ പങ്കെടുക്കാന്‍ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. പണവും മറ്റ് സമ്മാനങ്ങളും നല്‍കാമെന്ന് സംഘാടകര്‍ പറഞ്ഞ ഉറപ്പിലാണ് വന്നത്.’ ഉദ്ധം സിംഗ് നഗര്‍ സ്വദേശിനിയായ കല്‍വതി ദേവി പറഞ്ഞു.

ആവശ്യത്തിന് വാഷ്‌റൂമുകള്‍ ഉണ്ടായിരുന്നില്ലെന്നും ആകെയുണ്ടായിരുന്ന രണ്ട് വാഷ്‌റൂമുകള്‍ക്ക് മുന്നില്‍ വന്‍ തിരക്കായിരുന്നെന്നും ചിലര്‍ പറയുന്നു. സൗകര്യക്കുറവുകള്‍ മൂലം പലരും റാലി പകുതിയായപ്പോഴേക്കും തിരികെ പോയി. എല്ലാ വീടുകളിലും ടോയ്‌ലറ്റുകള്‍ വേണമെന്ന് പ്രധാനമന്ത്രി പറയുമ്പോഴാണ് ഇത്രവലിയ റാലി സംഘടിപ്പിച്ചപ്പോള്‍ പോലും അത് ഒരുക്കാതിരുന്നത്.

നേരത്തെ ഡെറാഡൂണിലെ റാലിയില്‍ കറുത്ത വസ്ത്രം അണിഞ്ഞ് വന്നവരെ വിലക്കിയിരുന്നു. കരിങ്കൊടി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഭയന്നായിരുന്നു അത്. കൊടുംതണുപ്പത്ത് ജാക്കറ്റ് ഉപേക്ഷിക്കേണ്ടി വന്നത് മൂലം പലരും ബുദ്ധിമുട്ടുകയും ചെയ്തു. ജാക്കറ്റ് ധരിച്ചെത്തിയവര്‍ക്ക് സമ്മേളന നഗരിക്ക് പുറത്ത് ജാക്കറ്റ് സൂക്ഷിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.