മോഡിയുടെ പിഴവിന് ബലിയാടാകാനില്ല; അധികസമയം ജോലി ചെയ്യാനില്ലെന്ന് കറന്‍സി പ്രിന്റിംഗ് പ്രസിലെ ജീവനക്കാര്‍

single-img
29 December 2016

 

നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ അച്ചടിക്കാനായി ഒരു മാസത്തിലേറെയായി അധിക സമയം ജോലി എടുക്കുന്ന കറന്‍സി പ്രിന്റിംഗ് പ്രസിലെ ജീവനക്കാര്‍ പ്രതിഷേധത്തില്‍. ഇനി മുതല്‍ ഒരു ദിവസം ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലിയെടുക്കാനാകില്ലെന്നാണ് റസര്‍വ് ബാങ്കിന്റെ നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള സാല്‍ബോനി പ്രിന്റിംഗ് പ്രസിലെ ജീവനക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇക്കാര്യം വ്യക്തമാക്കി നോട്ട് മുദ്രാണ്‍ പ്രൈവറ്റ് ലിമിറ്റഡിന് തൊഴിലാളികള്‍ നോട്ടീസ് നല്‍കി. നോട്ട് നിരോധനത്തിന് ശേഷം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നതിനാല്‍ പല തൊഴിലാളികളും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. മൈസൂരിലും സാല്‍ബോനിയിയിലുമുള്ള പ്രസുകളിലെ നിരവധി തൊഴിലാളികള്‍ക്കാണ് അസുഖങ്ങള്‍ പിടിപെട്ടിരിക്കുന്നത്. 12 മണിക്കൂറിലേറെയാണ് ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലി ചെയ്യേണ്ടി വന്നത്.

പുതിയ നോട്ടുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതിനാല്‍ തന്നെ വലിയ ജോലി ഭാരമാണ് തൊഴിലാളികള്‍ക്ക് ഉണ്ടായതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ശിശിര്‍ അധികാരി പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നെങ്കില്‍ ജോലി സമയം ക്രമീകരിക്കാന്‍ സാധിക്കുമായിരുന്നു. തുടര്‍ച്ചയായി 12 മണിക്കൂറിലേറെ ജോലി ചെയ്താല്‍ ജോലിക്കാര്‍ ക്ഷീണിതരാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

12 മണിക്കൂറിന്റെ രണ്ട് ഷിഫ്റ്റുകളാണ് ഇപ്പോള്‍ പ്രസുകളില്‍ നടക്കുന്നത്. 96 മില്യണ്‍ നോട്ടുകളാണ് ദിവസേന അച്ചടിക്കുന്നത്. എന്നാല്‍ 9 മണിക്കൂറുള്ള രണ്ട് ഷിഫ്റ്റുകളാക്കുമ്പോള്‍ ഉല്‍പ്പാദനം 68 മില്യണ്‍ നോട്ടുകളായി തീരും. നോട്ടുക്ഷാമം മൂലമുള്ള പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് മനസിലാകുമെന്നും എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി കാണണമായിരുന്നെന്നും ശിശിര്‍ കൂട്ടിച്ചേര്‍ത്തു. ഇനി പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ തന്നെ പരിഹരിക്കണം. 700 ജീവനക്കാരുള്ള സല്‍ബോനി പ്രസില്‍ 10 രൂപ മുതല്‍ 2000 രൂപ വരെയാണ് പ്രിന്റ് ചെയ്യുന്നത്.