”പരിക്കുകള്‍ കൊണ്ട് എനിക്ക് ജയിക്കാനാവില്ല; ഞാന്‍ കളം വിടുകയാണ്” ടെന്നിസ് താരം അന ഇവാനോവിച്ച് വിരമിച്ചു

single-img
29 December 2016

 

ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ ടെന്നീസ് താരം അന ഇവാനോവിച്ച് അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു. 29-ാം വയസിലാണ് ലോക മുന്‍ ഒന്നാം നമ്പര്‍ താരമായ ഇവാനോവിച്ച് വിരമിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം വാര്‍ത്ത പുറത്തുവിട്ടത്. ദീര്‍ഘകാലമായി അലട്ടുന്ന പരിക്കിനെ തുടര്‍ന്നാണ് വിരമിക്കലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2008 ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് കൂടിയാണ് ഇവാനോവിച്ച്. ഇതിനുപിന്നാലെയാണ് അന ഒന്നാം റാങ്കിലെത്തിയത്. പിന്നീട് റാങ്കിംഗില്‍ അന പിന്നാക്കം പോയി. എന്നാല്‍ 2014ല്‍ ആദ്യ അഞ്ചിലേക്ക് അന തിരിച്ചുവന്നു. തൊട്ടടുത്ത വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ എത്താനും കഴിഞ്ഞു. നിലവില്‍ 63-ാം റാങ്കിലാണ് അന.

കുട്ടികള്‍ക്കുവേണ്ടിയുള്ള യു.എന്നിന്റെ ചില്‍ഡ്രന്‍സ് ഫണ്ടിന്റെ സെര്‍ബിയയിലെ അംബാസിഡറായിരുന്നു അന. വിരമിച്ചശേഷം യുണിസെഫിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് തീരുമാനമെന്ന് അന പറഞ്ഞു. ജര്‍മന്‍ ഫുട്ബോള്‍ താരം ബാസ്റ്റിന്‍ ഷെയ്ന്‍സ്റ്റൈഗറുമായി അനയുടെ വിവാഹം ഇക്കഴിഞ്ഞ ജൂലൈയിലാണ് കഴിഞ്ഞത്.