ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി; പരാമര്‍ശം മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോള്‍

single-img
29 December 2016

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി. മാധ്യമങ്ങള്‍ ഉന്നയിച്ചത് പോലുള്ള സംശയങ്ങള്‍ തനിക്കുമുണ്ടെന്നാണ് ജസ്റ്റിസ് വൈദ്യലിംഗം അറിയിച്ചത്.

ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജഡ്ജിയുടെ പരാമര്‍ശങ്ങള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം ജയലളിതയ്ക്ക് ശരിയായ ഭക്ഷണ ക്രമീകരണം ലഭിച്ചിരുന്നില്ലെന്നാണ് കേട്ടിട്ടുള്ളത്. അവരുടെ മരണത്തിന് ശേഷമെങ്കിലും അതേക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തുവരണം. സെപ്തംബര്‍ 22ന് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 75 ദിവസത്തിന് ശേഷം ഡിസംബര്‍ അഞ്ചിനാണ് മരണം സംഭവിച്ചത്.

പനിയും നിര്‍ജ്ജലീകരണവുമാണ് അസുഖം പറഞ്ഞിരുന്നത്. എന്നാല്‍ പല തവണ ആരോഗ്യം മോശമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയതിന് ശേഷമാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.