നോട്ടിന് വേണ്ടി ക്യൂ നില്‍ക്കുന്ന സ്ഥിതി കേരളത്തിലില്ലെന്ന് കുമ്മനം; മനുഷ്യച്ചങ്ങലയ്ക്ക് ക്യൂ നില്‍ക്കുന്നവര്‍ക്ക് നോട്ടിനായി ക്യൂ നിന്നാല്‍ എന്താണെന്നും ചോദ്യം

single-img
29 December 2016

 

നിലവില്‍ കേരളത്തില്‍ എവിടെയും നോട്ടിനായി ക്യൂ നില്‍ക്കേണ്ട അവസ്ഥയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മനുഷ്യച്ചങ്ങലയ്ക്കായി 650 കിലോമീറ്റര്‍ നീളത്തില്‍ ക്യൂ നില്‍ക്കാന്‍ ആര്‍ക്കും യാതൊരു മടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മനുഷ്യച്ചങ്ങലയ്ക്കായി കൈ കോര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോയെന്ന് ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു. നോട്ട് ക്ഷാമമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെങ്കില്‍ ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഇത്രയധികം തിരക്ക് കൊച്ചിയിലുണ്ടാകില്ലായിരുന്നെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന ഉപവാസ സമരത്തിന് ആരംഭം കുറിച്ച സമ്മേളനത്തിലായിരുന്നു കുമ്മനത്തിന്റെ പ്രസ്താവന.

മുടങ്ങിയ റേഷന്‍ പുനസ്ഥാപിക്കുക, പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, എംഎം മണി രാജി വയ്ക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുമ്മനം ഉപവാസം ആരംഭിച്ചിരിക്കുന്നത്. ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഉപവാസ സമരം ആരംഭിച്ചത്.