മോഡി സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിനെതിരെ ഇന്ന് പ്രതിഷേധാഗ്നി; അഞ്ച് ലക്ഷത്തിലധികം പേര്‍ അണിനിരക്കുന്ന മനുഷ്യച്ചങ്ങല

single-img
29 December 2016

 

നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കലില്‍ പൊതു ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയെയെയും സഹകരണ മേഖലയെയും അടിമുടിയുലച്ച നോട്ട് പിന്‍പിന്‍വലിക്കല്‍ ദുരിതത്തിനെതിരെ എല്‍ഡിഎഫിന്റെ പ്രതിഷേധ മനുഷ്യച്ചങ്ങലയില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ കൈകോര്‍ക്കും.

വൈകിട്ട് അഞ്ചിന് കാസര്‍കോട് മുതല്‍ ആലപ്പുഴ വഴി രാജ്ഭവന്‍ വരെയാണ് ജനം പ്രതിഷേധത്തിന്റെ ചങ്ങലയൊരുക്കുക. ദേശീയപാതയുടെ പടിഞ്ഞാറുവശത്താണ് ചങ്ങലയൊരുക്കുക. വയനാട്, ഇടുക്കി ജില്ലകളില്‍ പ്രത്യേകം ചങ്ങലയൊരുക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴയിലാണ് ചങ്ങലയില്‍ കണ്ണികളാവുക. വൈകിട്ട് നാലോടെ ചങ്ങലയില്‍ അണിചേരാനുള്ള പ്രവര്‍ത്തകരും ജനങ്ങളും അതാതു സ്ഥലങ്ങളിലെത്തണമെന്ന് എല്‍ഡിഎഫ് അഭ്യര്‍ത്ഥിച്ചു.

മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും സാംസ്‌കാരിക നായകരും വിവിധ തുറകളിലുള്ളവരും വിവിധ ജില്ലകളില്‍ അണിചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്താണ് ചങ്ങലയില്‍ അണിചേരുക.