എഐഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറി ശശികല; തമിഴ്നാടിന് ഇനി അമ്മ ചിന്നമ്മ

single-img
29 December 2016

 


ചെന്നൈ: അണ്ണാ ഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ശശികല നടരാജനെ തിരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ശശികലയെ പാര്‍ട്ടി ചുമതല ഏല്‍പ്പിക്കുന്നുവെന്നാണു പ്രമേയത്തില്‍ പറയുന്നത്. ജയലളിതയ്ക്കു ഭാരതരത്ന നല്‍കണം എന്നതുള്‍പ്പെടെയുള്ള 14 പ്രമേയങ്ങളാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയത്. ഒന്‍പതരയ്ക്കു ചേര്‍ന്ന യോഗത്തില്‍ ഉടന്‍ തന്നെ പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമാവുകയായിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണു യോഗം ആരംഭിച്ചത്.

അമ്മയ്ക്കു പകരം ചിന്നമ്മ മാത്രമാണ് എന്നാണ് അണികള് പറയുന്നത്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ ജയയുടെ തോഴി ശശികല അമരത്തേക്കു വരണമെന്നായിരുന്നു മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അടക്കമുള്ളവരുടെ ആഗ്രഹം. എന്നാല്‍, ഇതിനെ ചോദ്യം ചെയ്തു ശശികല പുഷ്പ എംപി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒപ്പം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു തന്നെ പരിഗണിക്കണമെന്നാണു പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഇവരുടെ ആവശ്യം. ഇതിനെ തള്ളിയാണ് പുതിയ തീരുമാനം.