വി.എസിന്റെ കത്ത് ലഭിച്ചില്ല;എം എം മണി രാജിവെക്കണമെന്ന ആവശ്യം സിപിഐഎം കേന്ദ്രനേതൃത്വം തള്ളി

single-img
28 December 2016

08TH_YECHURY_1046802e
ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയെ തുടര്‍ന്ന് എം.എം.മണി രാജിവയ്ക്കണമെന്ന ആവശ്യം സിപിഐഎം കേന്ദ്ര നേതൃത്വം തള്ളി. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകം തീരുമാനമെടുക്കുമെങ്കിലും രാജിവയ്‌ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് കേന്ദ്ര നേതൃതത്തിന് കത്തയച്ചിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കരുതെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടെന്നു ചൂണ്ടിക്കാട്ടിയാണ് വി.എസ് കത്തയച്ചത്.അഞ്ചേരി ബേബി കേസില്‍ എം.എം മണിസമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയത് 24നായിരുന്നു. വിഷയത്തില്‍ മണി രാജിവെയ്‌ക്കേണ്ടതില്ല എന്നാണ് സംസ്ഥാന ഘടകത്തിന്റെയും നിലപാട്.മണിയുടെ രാജി ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് അയച്ചുവെന്ന് പറയുന്ന കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും കത്തയച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.