സിനിമയെ വെല്ലുന്ന മോഷണം ഹൈദരാബാദ് മുത്തൂറ്റ് ഫിനാന്‍സില്‍ സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി കവര്‍ന്നെടുത്തത് 40 കിലോ സ്വര്‍ണം 

single-img
28 December 2016
gold-jewellery
ഹൈദരാബാദ്: ഹൈദരാബാദിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ ബോളിവുഡ് മോഡല്‍ മോഷണം. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ മോഷ്ടാക്കള്‍ ബാങ്കില്‍ നിന്ന് 40 കിലോ സ്വര്‍ണം കവര്‍ന്നു. ബുധനാഴ്ച രാവിലെ 9.30 ന്  ആര്‍.സി പുരം ശാഖയിലായിരുന്നു മോഷണം നടന്നത്. ചുവന്ന സ്‌കോര്‍പിയോ കാറില്‍ ബാങ്കിലെത്തിയ അഞ്ചംഗ സംഘമാണ് മോഷണം നടത്തിയത്. ബാങ്കിലെത്തിയ സംഘം സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. ഇവരുടെ പക്കല്‍ ആയുധങ്ങളുമുണ്ടായിരുന്നു. ബാങ്കില്‍ നിന്ന് തിരിച്ചുപോകും മുന്‍പ് സിസിടിവി സംവിധാനവും ഇവര്‍ എടുത്തുകൊണ്ടുപോയതായി ബാങ്ക് ജീവനക്കാര്‍ പറയുന്നു.
ട്രാഫിക് പോലീസിന്റെ വേഷത്തിലായിരുന്നു മോഷ്ടാക്കളില്‍ ഒരാള്‍ വന്നത്. മറ്റൊരാള്‍ മങ്കി ക്യാപ് ധരിച്ചിരുന്നു. സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞെത്തിയ ഇവരെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. ഇവരെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിടത്തിന്റെ ഒരു മൂലയിലേക്ക് മാറ്റിനിര്‍ത്തി. ബാങ്കില്‍ നിന്നും ലോക്കറിന്റെ താക്കോല്‍ എടുത്ത സംഘം ബാഗിലും ബെഡ്ഷീറ്റിലുമാണ് സ്വര്‍ണം കടത്തിയത്.
അക്ഷയ് കുമാറിന്റെ ‘സ്‌പെഷ്യല്‍ 26’ല്‍ സമാനമായ രീതിയില്‍ മുംബൈയിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന രംഗമുണ്ട്. ടിബിസെഡിന്റെ മുംബൈ ബ്രാഞ്ചില്‍ 1987ലെ ഒപേറ ഹൗസ് കൊള്ളയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ് സ്‌പെഷ്യല്‍ 26.2013 ല്‍ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്.