ചിറകു വിരിച്ച് സ്വതന്ത്രമായി പറക്കണം,വിവാഹമോചനം നേടിയാല്‍ കുറ്റപ്പെടുത്തുന്നത് പെണ്ണിനെ.. ധനുഷിനെ ചേര്‍ത്ത് പറയുന്ന കള്ളകഥകളോട് അറപ്പ് തോന്നുന്നു.. അമലപോള്‍ മനസ്സ് തുറക്കുന്നു

single-img
28 December 2016

സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണത്തിന് ഇരയായ നടിയാണ് അമലാ പോള്‍. അമലയുടെ വസ്ത്രധാരണരീതികളെയും വിവാഹമോചനത്തെയും ബന്ധിപ്പിച്ചായിരുന്ന കപട സദാചാര വാദികളുടെ ആക്രമണം. അമലയ്ക്ക് തമിഴ് സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കരിയറിലും ജീവിതത്തിലുമുണ്ടായ മോശം അനുഭവങ്ങളെ മറികടന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കുകയാണ് അമലാ പോള്‍. ധനുഷിനൊപ്പം വടാ ചെന്നൈ, വിഐപി ടു എന്നീ സിനിമകളിലും മലയാളത്തില്‍ ക്വീന്‍ റീമേക്കിലും അമല അഭിനയിക്കുന്നുണ്ട്. അമലാ പോളും വിജയ്‌യുമായുള്ള ബന്ധം തകര്‍ന്നതിന് കാരണം നടന്‍ ധനുഷാണെന്ന ആരോപണങ്ങള്‍ മറുപടി നല്‍കുകയാണ് താരം.

വിവാഹമോചനത്തിന് തൊട്ടുപിന്നാലെ തന്നെയും ധനുഷിനെയും ചേര്‍ത്ത് ആളുകള്‍ കഥകള്‍ മെനയുന്നത് അറപ്പുളവാക്കുന്നുവെന്ന് അമലാ പോള്‍ പറയുന്നു. വിജയ്‌യുമായുള്ള വിവാഹമോചനം സംഭവിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നയാളാണ് ധനുഷ്. ഇക്കാര്യത്തില്‍ ഞാനുമായി ധനുഷ് സംസാരിച്ചിട്ടുമുണ്ട്. അത്തരമൊരാളുമായി ചേര്‍ത്ത് ഇല്ലാക്കഥകള്‍ സൃഷ്ടിക്കുന്നത് ഓക്കാനമുണ്ടാക്കുന്നതാണെന്നും അമലാ പോള്‍. കെട്ടുകകഥകള്‍ അധികം ആയുസ്സുണ്ടാവില്ല എന്നതാണ് ആശ്വാസമെന്നും അമല.

വിഐപി ആദ്യഭാഗത്തില്‍ നായികയായിരുന്നതിനാലാണ് രണ്ടാം ഭാഗത്തിലും ആ റോള്‍ ലഭിച്ചത്. അതല്ലാതെ ആരുടെയും ശുപാര്‍ശ കൊണ്ടല്ല. ഒരു പെണ്‍കുട്ടിയായതിനാലാണ് ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ എനിക്കെതിരെ ഉണ്ടാകുന്നത്. ഒരു ബന്ധം തകര്‍ന്നാല്‍ ആദ്യം എല്ലായ്‌പ്പോഴും കുറ്റപ്പെടുത്തുക പെണ്ണിനെയാണ്. കൈ നിറയെ സിനിമകളുണ്ട്. മലയാളത്തിലും തമിഴിലും സജീവമാണ്. വിവാഹം ചെയ്യുമെന്നും തുടര്‍ന്ന് വിവാഹമോചനമുണ്ടാകുമെന്നോ ഒന്നും കരുതിയിരുന്നതല്ല. കരിയറിനാണ് ഇനി പ്രഥമ പരിഗണന. ഉല്ലാസമേകുന്നത് അഭിനയജീവിതമാണ്. ചിറകുവിരിച്ച് സ്വതന്ത്ര്യമായി മുന്നേറാനാണ് ആഗ്രഹം. ഇങ്ങനെയാണ് അമല സംസാരിച്ചത്.വിവാഹമോചനം വ്യക്തിജീവിതത്തിലെ വലിയ ദുരന്തമാണെന്ന് കരുതുന്നില്ല. രണ്ടുപേര്‍ക്കും ഏറെ ദുഷ്‌കരമായ അവസ്ഥയാണ്, എന്നാല്‍ രണ്ടുപേരും അവരവരുടെ സന്തോഷത്തിലേക്കാണ് മടങ്ങുന്നത്. ഒന്നിന്റെയും അവസാനമാണ് വിവാഹമോചനമെന്ന് വിശ്വസിക്കുന്നില്ല. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കപ്പെടും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.വേല ഇല്ലാ പട്ടധാരി രണ്ടാം ഭാഗം സൗന്ദര്യാ രജനീകാന്താണ് സംവിധാനം ചെയ്യുന്നത്. ധനുഷാണ് തിരക്കഥ.