കോണ്‍ഗ്രസിലെ പോര് തെരുവിലേക്കും; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വണ്ടി മുരളീധരന്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു

single-img
28 December 2016

unnithan

കോണ്‍ഗ്രസില്‍ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലുള്ള വാക്‌പോര് അണികളിലേക്ക് പടര്‍ന്നതോടെ തെരുവ് യുദ്ധത്തിലേക്ക് എത്തുന്നു. ഇന്ന് കോണ്‍ഗ്രസിന്റെ ജന്മദിന ചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്ലം ഡിസിസി ഓഫീസില്‍ എത്തിയ ഉണ്ണിത്താന്റെ കാര്‍ മുരളീധരന്‍ അനുകൂലികള്‍ ചേര്‍ന്ന് തല്ലിത്തകര്‍ത്തു.

രാവിലെ തന്നെ ഡിസിസി ഓഫീസിന് മുന്നില്‍ തമ്പടിച്ചിരുന്ന മുരളീധരന്‍ അനുകൂലികള്‍ ഉണ്ണിത്താന് നേരെ ചീമുട്ടയെറിയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഡിസിസി ഓഫീസില്‍ കയറിയാണ് ഉണ്ണിത്താന്‍ രക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് ഉണ്ണിത്താനെ ഡിസിസി ഓഫീസിനകത്താക്കി കതക് പൂട്ടിയത്. അതേസമയം ഉണ്ണിത്താനെ പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്ത് പ്രതിഷേധം തുടരുകയാണ്.

കെ മുരളീധരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് രൂക്ഷമായ മറുപടിയുമായി ഇന്നലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു. മുരളീധരനെതിരെ താന്‍ സഭ്യത വിട്ട് പെരുമാറിയിട്ടില്ലെന്നും കോണ്‍ഗ്രസിനെ അപമാനിച്ചതുകൊണ്ടാണ് പ്രതികരിച്ചതെന്നുമായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. തന്നെ അധിക്ഷേപിക്കുന്ന മുരളീധരന്‍ കഴുത കാമം കരഞ്ഞ് തീര്‍ക്കുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കളിയാക്കി.

കെ കരുണാകരന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാതെ ഷാര്‍ജയില്‍ കോണ്‍ഗ്രസ് വിമത സംഘടനയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ആളാണ് മുരളീധരനെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. ഇതിനിടെ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച് ഉണ്ണിത്താന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ഉണ്ണിത്താന്‍ കത്ത് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.