നോട്ട് നിരോധനത്തെ വിമര്‍ശിച്ച എംഎല്‍എയ്ക്ക് നേരെ ഷൂവെറിഞ്ഞു; ഷൂവെറിഞ്ഞയാളെ ബിഎസ്പി പ്രവര്‍ത്തകര്‍ ആക്രമിച്ചു

single-img
28 December 2016

gaya-charan-dinkar-759
ആഗ്ര: നോട്ടുഅസാധുവാക്കലിനെ വിമര്‍ശിച്ച് സംസാരിച്ച ബി.എസ്.പി എം.എല്‍.എ ഗയന്‍ ചരന്‍ ദിനകറിന് നേരെ ഷൂ എറിഞ്ഞു. ബാന്ദ ജില്ലയിലെ ഗവണ്‍മെന്റ് ഇന്റര്‍മീഡിയേറ്റ് കോളജ് ഗ്രൗണ്ടില്‍ പാര്‍ട്ടിയുടെ ഭായ്ചര സമ്മേളന്‍ നടക്കവെയായിരുന്നു സംഭവം. മഹേശ്വരി പ്രജാപതിയെന്ന 52കാരനാണ് എംഎല്‍എയ്ക്ക് നേരെ ഷൂവെറിഞ്ഞത്. ഇയാളെ ബി.എസ്.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പ്രജാപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രജാപതി ബിഎസ്പി പ്രവര്‍ത്തകനാണെന്ന് ഇയാളുടെ കുടുംബം പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ബാന്ദയിലെ നാരെയിനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ദിനകര്‍. പരിപാടിയില്‍ സംസാരിച്ച ദിനകര്‍ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു: ‘നോട്ടുനിരോധനം കാരണം സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. കര്‍ഷകര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുകയാണ്. തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.’ ഇത് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രജാപതി ദിനകറിന് നേരെ ഷൂ എറിഞ്ഞത്. നോട്ടുനിരോധനത്തെക്കുറിച്ച് തെറ്റായി പ്രചരിപ്പിക്കരുതെന്ന് പറഞ്ഞായിരുന്നു ഷൂവേറ്. പിന്നീട് പൊലീസ് ഇടപെട്ട് അയാളെ രക്ഷിക്കുകയായിരുന്നു. ഇയാള്‍ക്ക് ഇതുവരെ ബോധം വന്നിട്ടില്ല എന്നാണ് ബാന്ദ എസ്.പി ശ്രീപതി മിശ്ര പറഞ്ഞത്.

പ്രജാപതി ബി.എസ്.പി പ്രവര്‍ത്തകനാണെന്നാണ് ബന്ധുക്കള്‍ പറയുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രജാപതി എസ്.പി പ്രവര്‍ത്തകനാണെന്നാണ് ബി.എസ്.പി ജില്ലാ പ്രസിഡന്റ് പ്രദീപ് വര്‍മ്മ പൊലീസിനോടു പറഞ്ഞത്. കൂടാതെ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ ചിലരും വേദിക്കു സമീപമുണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു.