പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭാ ശുപാര്‍ശ

single-img
28 December 2016

psc-1

തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നേട്ടാന്‍ മന്ത്രിസഭാ ശുപാര്‍ശ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് ശുപാര്‍ശ. ഇതുവരെ കാലാവധി നീട്ടാത്ത 70 ഓളം റാങ്ക് ലിസ്റ്റുകളാണ് ഉള്ളത്.

മാര്‍ച്ചില്‍ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും ശുപാര്‍ശയുണ്ട്. മൂന്ന് മാസത്തേക്കാണ് ഈ ലിസ്റ്റുകളുടെ കാലാവധി നീട്ടുക. വെള്ളിയാഴ്ച്ച അടിയന്തര യോഗം ചേര്‍ന്ന് പിഎസ്സി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. കഴിഞ്ഞ ദിവസം പിഎസ്സി യോഗം ചേര്‍ന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് ശുപാര്‍ശയുണ്ടാകാത്തതിനാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് പരിഗണനയ്ക്ക് വന്നിരുന്നില്ല.

നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. കെഎസ്ഇബി മസ്ദൂര്‍, സ്റ്റാഫ് നഴ്സ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി അധ്യാപകര്‍ തുടങ്ങിയ ലിസ്റ്റുകളും കലാവധി തീരുന്നവയില്‍ ഉള്‍പ്പെടുന്നു. നിയമന നിരോധനത്തിനെതിരെ വിവിധ റാങ്ക്ഹോള്‍ഡേഴ്സ് സംഘടനകള്‍ അനിശ്ചിതകാലമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിവരികയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാര്യമായ തോതില്‍ നിയമനം നടന്നിരുന്നില്ല.

അതേസമയം ഇന്നലെ കെഎസ്ഇബി മസ്ദൂര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തിയ സമരം കലുഷിതമായിരുന്നു. ഉദ്യോഗാര്‍ത്ഥികളിലൊരാള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. രാത്രി ഏറെ വൈകിയിട്ടും ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി മന്ത്രിസഭാ യോഗം ചേര്‍ന്ന് പുതിയ തീരുമാനമെടുത്തിരിക്കുന്നത്.