ഇന്നാണ് ആ അമ്പതാമത്തെ ദിവസം; പണം പിന്‍വലിക്കല്‍ നിയന്ത്രണം ഡിസംബറിന് ശേഷവും തുടരണമെന്ന് ബാങ്കുകള്‍

single-img
28 December 2016

cash-withdrw

നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളോട് ഒരു അമ്പത് ദിവസം തരൂ എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ആ അമ്പത് ദിവസം ഇന്ന് അവസാനിക്കുകയാണ്. അതേസമയം അമ്പത് ദിവസം പൂര്‍ത്തിയായിട്ടും രാജ്യത്ത് കറന്‍സിയുടെ ദൗര്‍ലഭ്യം ഇപ്പോഴും തുടരുകയാണ്.

ഇതിനിടെ പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ ഡിസംബറിന് ശേഷം പൂര്‍ണമായും പിന്‍വലിക്കരുതെന്ന് ബാങ്കുകള്‍ കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടു. ഇതോടെ നിലവില്‍ നേരിടുന്ന നോട്ട് പ്രതിസന്ധി ഉടനെയൊന്നും അവസാനിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഡിസംബര്‍ 30ഓടെ നിയന്ത്രണം നീക്കം ചെയ്യുമെന്നാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. കറന്‍സി ലഭ്യത ഉറപ്പാകുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ബാങ്കുകളുടെ ആവശ്യം. അതേസമയം എടിഎമ്മുകളില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 4000 ആയും ബാങ്കുകളില്‍ നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 40,000 ആയും ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

നിലവിലെ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം 30ന് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഇതിനിടെ ജനുവരി രണ്ടിന് ലക്‌നൗവില്‍ നടക്കുന്ന റാലിയില്‍ നരേന്ദ്ര മോഡി ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. നോട്ട് അസാധുവാക്കലിന് ശേഷം എടിഎമ്മുകളില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക 2500 രൂപയും ബാങ്കുകളില്‍ നിന്നും ഒരു ആഴ്ച പിന്‍വലിക്കാവുന്ന തുക 24,000 രൂപയും ആണ്.

കറന്‍സി ദൗര്‍ലഭ്യം മൂലം ഗ്രാമീണ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ നിലവില്‍ 24,000 രൂപ പോലും വിതരണം ചെയ്യാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കരുതെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയന്ത്രണം പൂര്‍ണമായും പിന്‍വലിച്ചാല്‍ ജനങ്ങള്‍ വന്‍തോതില്‍ പണം പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ഇത് നിലവിലെ സ്ഥിതി വഷളാക്കും. അതിനാല്‍ കറന്‍സി ലഭ്യത ഉറപ്പാക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ബാങ്കുകളുടെ ആവശ്യം.

അതേസമയം മോഡി ജനങ്ങള്‍ക്ക് നല്‍കിയ അമ്പത് ദിവസത്തെ ഉറപ്പ് പാലിക്കാന്‍ ചില ഇളവുകളെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജനങ്ങള്‍ക്കിടയിലെ അസംതൃപ്തി ഒഴിവാക്കാനുള്ള പ്രഖ്യാപനങ്ങളായിരിക്കും നരേന്ദ്ര മോഡിയില്‍ നിന്നും ജനുവരി രണ്ടിന് ഉണ്ടാകുക എന്നും പ്രതീക്ഷിക്കപ്പെടുന്നു.