കഴുത കാമം കരഞ്ഞു തീര്‍ക്കും; മുരളീധരന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മറുപടി; മാന്യമായ ഒരു സ്ഥാനം പോലും പാര്‍ട്ടി തനിക്ക് തന്നില്ലെന്നും പരാതി

single-img
27 December 2016

 

rajmohan-unnithan

രാജ്‌മോഹന്‍ ഉണ്ണിത്താനും കെ മുരളീധരനും തമ്മിലുള്ള വാക്‌പോര് മൂര്‍ച്ഛിക്കുന്നു. മുരളീധരന്‍ തന്നെക്കുറിച്ച് പറഞ്ഞതെല്ലാം കേട്ടെന്നും കഴുത കാമം കരഞ്ഞ് തീര്‍ക്കുമെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

താന്‍ മുരളീധരന് എതിരെ പറഞ്ഞ കാര്യങ്ങില്‍ ഉറച്ചുനില്‍ക്കുന്നു. താന്‍ പറഞ്ഞത് ശരിയല്ലെന്ന് മുരളീധരന്‍ പറഞ്ഞാല്‍ കാല് പിടിച്ച് മാപ്പ് പറയാനും തയ്യാറാണ്. എന്നാല്‍ താന്‍ പറഞ്ഞത് ശരിയാണെങ്കില്‍ അന്തസില്ലാത്ത ഭാഷയില്‍ ആക്രമിക്കുന്നത് ശരിയല്ല. പാര്‍ട്ടിക്കാര്യം പറയേണ്ടത് പ്രസിഡന്റാണെന്നും മറ്റാരെങ്കിലും കുരച്ചാല്‍ പുച്ഛിച്ച് തള്ളുമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. പാര്‍ട്ടിക്കാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. മുരളീധരന്റെ ഈ പ്രസ്താവനക്കെതിരെയാണ് ഇപ്പോള്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയിരിക്കുന്നത്.

മുരളീധരന്‍ സ്വന്തം പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാതെ ദുബായില്‍ പോയ ആളാണ്. പുതിയ ഡിസിസി പ്രസിഡന്റുമാര്‍ അധികാരമേറ്റെടുത്ത ശേഷം അവരുടെ നേതൃത്വത്തില്‍ നടന്ന ആദ്യ പരിപാടിയായിരുന്നു ഇത്. എന്നാല്‍ ഈ പരിപാടിയിലൊന്നും പങ്കെടുക്കാതെ മുരളീധരന്‍ ദുബായില്‍ പോകുകയായിരുന്നു. ഷാര്‍ജ ഒഐസിസിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് വിമത സംഘടനയുണ്ടാക്കിയവരുടെ ചടങ്ങില്‍ പങ്കെടുക്കാനാണ് മുരളീധരന്‍ പോയതെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

സോണിയ ഗാന്ധിയെ മദാമ്മ ഗാന്ധിയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ചിട്ട് അവരോട് പോയി മാപ്പ് പറഞ്ഞതാരാണെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു. സോളാര്‍ കേസില്‍ താന്‍ പ്രതിയല്ലെന്നും സാക്ഷി പോലുമല്ലെന്നും പറഞ്ഞ ഉണ്ണിത്താന്‍ കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും അപമാനിച്ചപ്പോള്‍ കാസര്‍ഗോഡ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് തിരിച്ചടിച്ചത് താനാണ്.

പിറ്റേന്ന് തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ച് അവശരാക്കി. മൂന്ന് മാസമാണ് അനങ്ങാനാകാതെ കിടന്നത്. ഉമ്മന്‍ ചാണ്ടിയെ എന്തിന് പ്രതിരോധിച്ചുവെന്നാണ് കാണാന്‍ വന്ന ഒരു ഉന്നത നേതാവ് തന്നോട് ചോദിച്ചത്. സോളാര്‍ കേസില്‍ പാര്‍ട്ടിയും സര്‍ക്കാരും മുഖം നഷ്ടപ്പെട്ട് നിന്നപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും മാന്യമായ ഒരു സ്ഥാനം പോലും പാര്‍ട്ടി തനിക്ക് തന്നില്ല ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.