നോട്ട് നിരോധനത്തിനു പിന്നിലെ യഥാര്‍ത്ഥ സത്യം നരേന്ദ്ര മോഡി വെളിപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി;

single-img
27 December 2016

rahul-gandhi
ന്യൂഡല്‍ഹി: ബി.ജെ.പി. സര്‍ക്കാരിന്റെ നോട്ട് നിരോധന പരിപാടി പൂര്‍ണമായും പാളിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോഡിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. നോട്ട് നിരോധനത്തിലൂടെ പാവപ്പെട്ടവര്‍ അനുഭവിച്ച കഷ്ടതകള്‍ക്ക് മോഡി മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

അഴിമതിക്കെതിരായ യുദ്ധത്തിലാണ് താനെന്ന് പറയുന്ന പ്രധാനമന്ത്രി അദ്ദേഹത്തിനെതിരെ ആരോപണം ഉയരുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് ഒളിച്ചിരിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയുടെ പിന്നിലെ യഥാര്‍ഥ സത്യമെന്താണെന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറയണം. അഴിമതിക്കെതിരായ ഏതൊരു നടപടിക്കും നമ്മള്‍ അദ്ദേഹത്തെ പിന്തുണയ്ക്കും. മല്യയെ വിദേശത്തുനിന്നും തിരികെ കൊണ്ടുവരണം. സ്വിസ് ബാങ്ക് ഒരു പട്ടിക നല്‍കിയിട്ടുണ്ടല്ലോ. അതിലെ സത്യം അറിയണം. പ്രധാനമന്ത്രിക്കെതിരായും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം ആരോപണം അവഗണിക്കുന്നു. എങ്ങനെയാണ് അദ്ദേഹത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാനാവുകയെന്നും രാഹുല്‍ ചോദിച്ചു.

അഴിമതി ആരോപണത്തില്‍ ഷീല ദീക്ഷിത് അന്വേഷണം ആവശ്യപ്പെട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കാത്തത്. സഹാറയുടെ ലിസ്റ്റില്‍ നിരവധി നേതാക്കളുടെ പേരുണ്ട്. എന്നാല്‍ ബിര്‍ളയുടെ ഡയറിയില്‍ പ്രധാനമന്ത്രിയുടെ പേര് മാത്രമാണ് പരാമര്‍ശിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.