മുരളീധരന്റെ വിമര്‍ശനത്തെ പോസിറ്റീവായി എടുക്കുന്നെന്ന് ചെന്നിത്തല; ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും

single-img
27 December 2016

ramesh-chennithala-1

പ്രതിപക്ഷം നിര്‍ജ്ജീവമാണെന്ന കെ മുരളീധരന്‍ എംഎല്‍എയുടെ പ്രസ്താവനയെ പോസിറ്റീവായി കണക്കാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുരളീധരന്‍ മുന്‍ കെപിസിസി പ്രസിഡന്റും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമാണ്. അദ്ദേഹം പറയുന്നതെന്തെന്ന് തങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ട്.

പ്രതിപക്ഷം കൂടുതല്‍ സമരങ്ങളുമായി സജീവമാകണമെന്ന ആത്മവിമര്‍ശനം നടത്തുക മാത്രമാണ് മുരളീധരന്‍ ചെയ്തത്. അദ്ദേഹത്തിന്റെ വികാരത്തെ കോണ്‍ഗ്രസ് മാനിക്കുന്നു. അല്ലാതെ അതിന് മറിച്ചുള്ള നിറം നല്‍കാനില്ലെന്നും ചെന്നിത്തല നിലപാട് വ്യക്തമാക്കി. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ വര്‍ദ്ധിക്കുമ്പോള്‍ അതനുസരിച്ച് പ്രക്ഷോഭം ശക്തമാക്കണമെന്നാണ് മുരളീധരന്‍ പറഞ്ഞത്. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് ആറ് മാസം സമയം അനുവദിക്കാറുണ്ട്. ആ സമയപരിധി അവസാനിച്ചു. ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാരിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഇനി തീരുമാനം.

ഭരണ പരാജയം ഉയര്‍ത്തിക്കാട്ടുന്നതില്‍ യുഡിഎഫ് പരാജയപ്പെടുന്നുവെന്ന് മുസ്ലിം ലീഗും ആരോപിച്ചിരുന്നു. ഈ അഭിപ്രായത്തെയും വിമര്‍ശനപരമായി കാണുന്നില്ല. റേഷന്‍ പ്രശ്‌നം, നോട്ട് പ്രതിസന്ധി, മണിയുടെ രാജി തുടങ്ങിയ വിഷയങ്ങളില്‍ തുടര്‍ പ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.