ഒറ്റ സ്‌ട്രൈക്കിലൂടെ ഭീകരവാദവും അധോലോകവും തകര്‍ന്നു; ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായെന്ന് അംഗീകരിക്കുന്നെന്നും മോഡി

single-img
27 December 2016

narendra-modi-get

നോട്ട് അസാധുവാക്കല്‍ എന്ന ഒറ്റ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഭീകരവാദത്തെയും മനുഷ്യക്കടത്തിനെയും അധോലോകത്തെയും തകര്‍ക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതേസമയം നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം കൊണ്ട് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായെന്നത് അംഗീകരിക്കുന്നതായും മോഡി കൂട്ടിച്ചേര്‍ത്തു.

‘അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയിലെ ജനങ്ങളാണ് എന്നെ അതിന് സഹായിക്കുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിന് 125 കോടി ജനങ്ങളുടെ പിന്തുണയുണ്ട്.’ മോഡി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് എന്തിനാണെന്ന് തനിക്കറിയില്ലെന്നും മോഡി വ്യക്തമാക്കി. പാവപ്പെട്ടവരുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡിലെ ഡറാഡൂണില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കാര്‍ന്നു തിന്നുന്ന വിപത്തായ കള്ളപ്പണത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. ഇപ്പോഴുണ്ടായ ബുദ്ധമുട്ടുകള്‍ മറന്ന് അഴിമതിക്കെതിരെ രാജ്യം ഒന്നിച്ചു നില്‍ക്കണം. ഒരു റാങ്ക് ഒരു പെന്‍ഷന്‍ ആവശ്യവുമായി നമ്മുടെ സൈനികര്‍ 40 വര്‍ഷം കാത്ത് നിന്നു. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ അത് നടപ്പാക്കി കൊടുത്തു. 10,000 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അഞ്ച് കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കാനാണ് ഇപ്പോഴത്തെ ശ്രമം. ആയിരം ദിവസത്തിനുള്ളില്‍ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു. ഇപ്പോള്‍ 12,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു. ഉത്തരാഖണ്ഡ് ഇനിയും വികസനത്തിനായി കാത്തിരിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.