ജയലളിതയില്ലാത്ത തമിഴ്‌നാട്ടില്‍ ആരും സുരക്ഷിതരല്ല; തന്റെ ജീവന്‍ അപകടത്തിലെന്നും പുറത്താക്കപ്പെട്ട ചീഫ് സെക്രട്ടറി

single-img
27 December 2016

 

tn-sec

കള്ളപ്പണ റെയ്ഡില്‍ കുടുങ്ങിയ തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി രാമമോഹന റാവു ആദായനികുതി വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. തന്റെ വീട്ടില്‍ റെയ്ഡ് നടത്തി പിടിച്ചെടുത്ത രേഖകളില്‍ തനിക്കെതിരായി യാതൊരു തെളിവുമില്ലെന്നും സിആര്‍പിഎഫിന്റെ സഹായത്തോടെ നടത്തിയ റെയ്ഡ് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് റാവുവിനെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് റാവു ആദായനികുതി വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. തോക്കിന്‍ മുന്നില്‍ നിര്‍ത്തിയാണ് തന്റെ വീട് റെയ്ഡ് ചെയ്തത്. ഒരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയുടെ മുറിയിലേക്ക് പ്രവേശിക്കാന്‍ ആരാണ് സിആര്‍പിഎഫിന് അനുമതി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നിര്‍ജ്ജീവമാണോ? ജയലളിതയുണ്ടായിരുന്നെങ്കില്‍ സംസ്ഥാനത്ത് സിആര്‍പിഎഫിന്റെ ഇടപെടല്‍ അനുവദിക്കുമായിരുന്നില്ല. തന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ഡിസംബര്‍ 21ന് പുലര്‍ച്ചെ 5.30നാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. സര്‍ച്ച് വാറണ്ടില്‍ തന്റെ പേരില്ലായിരുന്നെന്നും അതേക്കുറിച്ച് താന്‍ ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടിയല്ല നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റെ മകന്‍ ഒരാഴ്ചയായി വീട് വിട്ട് പുറത്തുപോയിട്ടില്ലെന്നും വീട്ടിലെ മെത്തകളും മറ്റും സൂക്ഷിക്കുന്ന മുറിയിലിരുന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ രഹസ്യമായി ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് വീട്ടില്‍ നിന്നും 1.12 ലക്ഷം രൂപ പിടിച്ചെടുത്തത്. താന്‍ തന്നെയാണ് ഇപ്പോഴും തമിഴ്‌നാട്ടിലെ ചീഫ് സെക്രട്ടറിയെന്നും അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്നും രാമമോഹന റാവു കൂട്ടിച്ചേര്‍ത്തു.