മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന അഭിനയജീവിതത്തോട് സുരേഷ് ഗോപി വിട പറയുന്നതിന് കാരണമെന്ത്? സിനിമാ ലോകം നീചമാണ്; അഭിനയലോകത്തു നിന്ന് താന്‍ പിന്‍മാറുന്നു

single-img
27 December 2016

 

suresh-gopi

പാര്‍ലമെന്റംഗം കൂടിയായ നടന്‍ സുരേഷ് ഗോപി ചലച്ചിത്ര മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നു. ഇത്രയും കാലം സിനിമയില്‍ നിറഞ്ഞു നിന്നിട്ടും തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ സിനിമ ലോകത്തുനിന്നും ഒരാള്‍ പോലും വന്ന് തന്നെ സമാധാനിപ്പിക്കാന്‍ എത്തിയില്ലെന്നാണ് സുരേഷ് ഗോപിയുടെ പരാതി. അതുകൊണ്ടാണ് ഇനി നീചമായ സിനിമാ ലോകത്തേക്ക് താനില്ലെന്നു സുരേഷ് ഗോപി പറയുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു സുരേഷ് ഗോപിയുടെ അച്ഛന്‍ മരിച്ചത്.

ഒരു മുതിര്‍ന്ന താരത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ‘എന്റെ അച്ഛന്‍ മരിച്ചു. ഈ സിനിമാലോകത്തു നിന്ന് ഒരാള്‍ പോലും എന്റെ വീട്ടിലൊന്ന് കയറിയില്ല. ഒരാശ്വാസ വാക്കു പോലും ആരും പറഞ്ഞില്ല. അത്രയ്ക്ക് നീചമായ ഈ സിനിമാ ലോകത്ത് ഞാനെന്തിന് തുടരണം. ഞാന്‍ അഭിനയം നിര്‍ത്തുന്നു.’ പലതവണ ആവശ്യപ്പെട്ടിട്ടും ആ മുതിര്‍ന്ന താരത്തോടും ആദ്യമൊന്നും ഇക്കാര്യം പറയാന്‍ സുരേഷ് ഗോപി തയ്യാറായിരുന്നില്ല. ഒടുവില്‍ അദ്ദേഹം ദേഷ്യപ്പെട്ടപ്പോഴാണ് സുരേഷ് ഗോപി കാര്യം തുറന്നു പറഞ്ഞത്.

ഊട്ടിയില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് സുരേഷ് ഗോപി മരണവാര്‍ത്ത അറിയുന്നത്. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് സുരേഷ് ഗോപി മരണസ്ഥലത്തേക്ക് തിരിച്ചു. മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ വിളിച്ചു, ക്ലൈമാക്സ് കൂടെ ചിത്രീകരിച്ചു കഴിഞ്ഞാല്‍ സിനിമ പൂര്‍ത്തിയാകും. ഷൂട്ടിംഗ് എന്നു തുടങ്ങാം എന്നു ചോദിച്ച സംവിധായകനോട് സുരേഷ് ഗോപി പറഞ്ഞു, ഞാന്‍ അഭിനയം നിര്‍ത്തി. സംവിധായകനും നിര്‍മാതാവും മാറിമാറി വിളിച്ചിട്ടും സുരേഷ് ഗോപി ഇക്കാര്യം തന്നെ ആവര്‍ത്തിച്ചു. എന്നാല്‍, കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയതുമില്ല.

ഒടുവില്‍ സംവിധായകന്‍ ഒരു മുതിര്‍ന്ന താരത്തെ കൊണ്ട് സുരേഷ് ഗോപിയെ വിളിപ്പിച്ചു. കാര്യം തിരക്കിയപ്പോഴാണ് ഏറെ നേരത്തെ നിര്‍ബന്ധത്തിനൊടുവില്‍ സുരേഷ് ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്