ഗോവയില്‍ വന്‍ വിമാനാപകടം ഒഴിവായി; ജെറ്റ് എയര്‍വെയ്‌സ് റണ്‍വേയില്‍ നിന്നും തെന്നിനീങ്ങി

single-img
27 December 2016

 

goa-airport

ഗോവയില്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിനീങ്ങി. ദബോലിം വിമാനത്താവളത്തിലാണ് ജെറ്റ് എയര്‍വേയ്‌സ് തെന്നി നീങ്ങിയത്. ഏഴ് ജീവനക്കാരും 161 യാത്രക്കാരുമായി ഗോവയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ 9 ഡബ്ല്യൂ 2374 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചെങ്കിലും രക്ഷാ പ്രവര്‍ത്തനത്തിനിടെ 15 യാത്രക്കാര്‍ക്ക് നിസാര പരിക്കുകള്‍ പറ്റി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.

വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും നാവിക സേനാംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിമാനം നിരങ്ങിനീങ്ങിയപ്പോള്‍ നിലത്ത് വീണും മറ്റുമാണ് 15 പേര്‍ക്ക് പരിക്കേറ്റത്. ഇവരെ വാസ്‌കോ ചിക്കാലിം കോട്ടേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. ദുബൈയില്‍ നിന്നും ഗോവ വഴി മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനമാണ് ഇത്. അപകടത്തെത്തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 12.30 വരെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.