ഓരോ ഇന്ത്യക്കാരന്റെയും ജീവന്‍ വിലപ്പെട്ടത്; ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

single-img
27 December 2016

 

fr-tom

ന്യൂഡല്‍ഹി: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ടോം ഒരു ഇന്ത്യന്‍ പൗരനാണെന്നും ഒരോ ഇന്ത്യക്കാരന്റെയും ജീവന്‍ ഞങ്ങള്‍ക്ക് വിലപ്പെട്ടതാണെന്നും സുഷമ പറഞ്ഞു. ഫാ. ടോമിനെ സുരക്ഷിതനായി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എല്ലാ വഴികളും ഇതിനായി തേടും. ഒരു സാധ്യതയും അവഗണിക്കില്ലെന്നും വിദേശകാര്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

തന്നെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള ഫാ. ടോമിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഫാ. ടോം എന്നറിയപ്പെടുന്ന ടോമി ജോര്‍ജ് ആണു താനെന്നു പരിചയപ്പെടുത്തിയാണു വീഡിയോ ആരംഭിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ യെമനിലെ ഏഡനില്‍ നിന്നു തട്ടിക്കൊണ്ടുപോയവര്‍ പലതവണ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ, കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. താന്‍ വളരെ ദുഃഖിതനാണ്. മാര്‍പാപ്പയും ഇന്ത്യയിലെ എല്ലാ വിശ്വാസികളും ബിഷപ്പുമാരും തന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യണമെന്നു ഫാ. ടോം വിഡിയോയില്‍ അപേക്ഷിക്കുന്നു.

ഇന്ത്യക്കാരനായതു കൊണ്ടാണ് തന്റെ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടക്കാത്തതെന്ന് അദ്ദേഹം പറയുന്നു. ആരോഗ്യം ക്ഷയിച്ചു വരികയാണ്. വൈദ്യസഹായം കൂടിയേ തീരൂ. മാനുഷിക പരിഗണന നല്‍കി തന്നെ രക്ഷിക്കണമെന്നും മോചിപ്പിക്കണമെന്നും അപേക്ഷിച്ചാണു വിഡിയോ അവസാനിക്കുന്നത്.