പണയം വച്ച പാദസരം ആ കുരുന്നിന്റെ കാലുകളില്‍ അച്ഛന്‍ വീണ്ടും അണിയിച്ചു; മരവിച്ച അവളുടെ കാലുകള്‍ അത് സ്വീകരിച്ചു

single-img
27 December 2016

 

anil

ക്രിസ്മസിന് എടുത്തുകൊടുക്കാമെന്ന് മകളോട് ഉറപ്പ് പറഞ്ഞ് പണയം വച്ച പാദസരത്തെക്കുറിച്ച് അനില്‍ ഓര്‍ത്തത് വാഹനാപകടത്തില്‍ പരിക്കേറ്റ് അവള്‍ അത്യാഹിത വിഭാഗത്തില്‍ കിടക്കുമ്പോഴാണ്. അവള്‍ക്ക് ബോധം തെളിയുമ്പോള്‍ ആ കാലുകളില്‍ വീണ്ടും ആ സ്വര്‍ണ പാദസരം തിളങ്ങണമെന്നായിരുന്നു അയാളുടെ ആഗ്രഹവും.

എന്നാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ തിരികെയെടുത്ത ആ പാദസരം അയാള്‍ക്ക് കെട്ടാനായത് ജീവനില്ലാത്ത അവളുടെ കാലുകളിലാണ്. തൊടുപുഴ ജിവിഎച്ച്എസഎസ് വിദ്യാര്‍ത്ഥിനി അനഘയാണ്(17) നാട്ടുകാരെയാകെ കണ്ണീരിലാക്കി യാത്രയായത്. അച്ഛന്‍ അനിലിന് ഈ ക്രിസ്മസിന് ഒരു പുതിയ ഷര്‍ട്ടും അവളുടെ മോഹമായിരുന്നു. ക്രിസ്മസ് തലേന്ന് ആശുപത്രി കിടക്കയില്‍ നിന്നും അനില്‍ പണയം വച്ച പാദസരം തിരിച്ചെടുക്കാനും പുതിയ ഷര്‍ട്ട് വാങ്ങാനും പുറപ്പെടുമ്പോള്‍ വിചാരിച്ചിരുന്നില്ല തിരിച്ചെത്തുമ്പോഴേക്കും മകള്‍ തന്നെ വിട്ടു പിരിയുമെന്ന്.

മകളുടെ മൃതദേഹത്തില്‍ ആ സ്വര്‍ണ പാദസരം അണിയിച്ച് സംസ്‌കാര ചടങ്ങിനെത്തിയ എല്ലാവരെയും ആ അച്ഛന്‍ കണ്ണീരിലാഴ്ത്തി. ഇക്കഴിഞ്ഞ 16ന് ഉച്ചയ്ത്ത് 12.30ഓടെ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അനഘ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ അമിത വേഗതയില്‍ വന്ന പിക്ക് അപ്പ് വാന്‍ ഇടിച്ചു വീഴ്ത്തിയത്. അനഘയുടെ തലയിലൂടെ വാഹനത്തിന്റെ മുന്‍ചക്രം കയറിയിറങ്ങിയതിനാല്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും എത്തിച്ചു.

ആദ്യ ദിവസങ്ങളില്‍ അനഘ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നില വഷളായി. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചതും സുഷ്മുനാ നാഡിയ്ക്ക് പരിക്കേറ്റതും ആരോഗ്യനില അതീവ ഗുരുതരമാക്കി. ഒടുവില്‍ ക്രിസ്മസ് തലേന്നായ ശനിയാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

അനഘയുടെ ചികിത്സയ്ക്കായി സ്‌കൂള്‍ അധികൃതരും ജനങ്ങളും ഒന്നടങ്കം പിന്തുണയുമായെത്തി. ചികിത്സാ സഹായത്തിനായി ബസ് സര്‍വീസുകള്‍ പോലുമുണ്ടായി. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പത്ത് ലക്ഷം രൂപയിലേറെയാണ് ചികിത്സാ സഹായത്തിലേക്കെത്തിയത്. എന്നിട്ടും ഒന്നിനും കാത്തു നില്‍ക്കാതെ അവള്‍ യാത്രയായി. മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ക്രിസ്മസ് ദിവസം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അമ്മ: ശാന്ത, സഹോദരന്‍ അനന്തു.