ആയുസെത്തി മൂന്നാര്‍; ഇനി ഒരിക്കല്‍ കൂടി നീലക്കുറിഞ്ഞി പൂക്കുമോ? മൂന്നാറില്‍ ഇന്ന് കാണാനുള്ളത് പ്ലാസ്റ്റിക് കൂമ്പാരങ്ങളുടെ കാഴ്ചകള്‍

single-img
24 December 2016

 

മൂന്നാറില്‍ സര്‍ക്കാര്‍ ചെലവില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തള്ളിയിരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍

മൂന്നാറില്‍ സര്‍ക്കാര്‍ ചെലവില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തള്ളിയിരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍

ആഗോളതലത്തില്‍ തന്നെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കേരളത്തിന്റെ സ്വന്തം മൂന്നാര്‍ മരണത്തിലേക്കുള്ള വഴിയിലോ? സമീപകാലത്തായി മൂന്നാറില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇത്തരമൊരു സംശയമാണ് ഉന്നയിക്കുന്നത്. എങ്ങും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞതാണ് ഇപ്പോഴത്തെ മൂന്നാറിന്റെ ചിത്രങ്ങള്‍. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനായ ടി സി രാജേഷ് ആണ് മൂന്നാറിനെ കാത്തിരിക്കുന്ന ദുരന്തത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ സഹിതം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കണക്കുകള്‍ അനുസരിച്ച് നീലക്കുറിഞ്ഞി പൂക്കേണ്ടത് 2018ല്‍ ആണെന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ മൂന്നാറിലെ മാലിന്യങ്ങള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് ഉറപ്പ്. 2006ലാണ് ഒടുവില്‍ മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തത്. 12 വര്‍ഷം കൂടുമ്പോള്‍ പൂക്കുന്നുവെന്ന കണക്ക് പരിശോധിച്ചാല്‍ ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍ മൂന്നാര്‍ നീല പട്ട് വിരിക്കും. സമൂഹമാധ്യമങ്ങള്‍ സജീവമായി മാറിയിരിക്കുന്ന ഈ കാലത്ത് സ്വാഭാവികമായും ഇതിന്റെ ചിത്രങ്ങള്‍ ലോകം മുഴുവന്‍ എത്തുകയും വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ ഇങ്ങോട്ടേക്ക് ഒഴുകിയെത്താന്‍ ആരംഭിക്കുകയും ചെയ്യും.

2006ല്‍ മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എത്തിയതിന്റെ പതിന്മടങ്ങ് ആളുകളായിരിക്കും ഇക്കുറി മൂന്നാറില്‍ എത്തുക. കാരണം സമൂഹമാധ്യമങ്ങള്‍ വഴി ഇതിന്റെ ചിത്രങ്ങള്‍ ലോകം മുഴുവന്‍ എത്തുമല്ലോ? ഒരു ചെറുപട്ടണമായ മൂന്നാറിന് താങ്ങാനാകുന്നതിലും അപ്പുറമാണ് ഇപ്പോള്‍ തന്നെ മൂന്നാറിലെത്തുന്നത്. അപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം എന്തായിരിക്കും സ്ഥിതി. വിനോദ സഞ്ചാരികളെ ഉള്‍ക്കൊള്ളിക്കാനായി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളൊക്കെയും മൂന്നാറിന്റെ പ്രകൃതി ഭംഗിയെയാണ് ഇല്ലാതാക്കുന്നത്.

കൂടാതെ വൃത്തിയുള്ള ഭക്ഷണമല്ല ഇന്ന് മൂന്നാറില്‍ ലഭിക്കുന്നത്. മൂന്നാറിനടുത്ത് തന്നെ ശീതകാല പച്ചക്കറി തോട്ടങ്ങള്‍ ധാരാളമുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികളെയാണ് ഇവിടെ മുഖ്യമായും ആശ്രയിക്കുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മൂലം മലീമസമായിരിക്കുന്ന ജലസ്രോതസുകള്‍ ഉപേക്ഷിച്ച് പുറത്തുനിന്നും വരുന്ന കുപ്പി വെള്ളത്തെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്ക്. അപ്പോഴും ബാക്കിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീണ്ടും മൂന്നാറിന്റെ ഹൃദയത്തിലേക്ക് തന്നെയാണ് തള്ളുന്നത്. ഇതും വീണ്ടും ഈ സുന്ദരഭൂമിയെ ഇല്ലാതാക്കുകയാണ്.

അതേസമയം അധികം വൈകാതെ വിനോദസഞ്ചാരികള്‍ മാത്രമല്ല മൂന്നാറില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും കുപ്പിവെള്ളത്തെ തന്നെ ആശ്രയിക്കേണ്ടി വരും. അശാസ്ത്രീയമായ ടൂറിസം വികസനത്തിന്റെ ഇരയായിരിക്കുകയാണ് ഇപ്പോള്‍ മൂന്നാര്‍. ഇതില്‍ നിന്നും മൂന്നാറിനെ രക്ഷിക്കാന്‍ ഫലപ്രദമായ നടപടികള്‍ അധികൃതര്‍ക്ക് സ്വീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ നാളെ ഈ സുന്ദര ഭൂമിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമേ ബാക്കിയുണ്ടാകൂ.