റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ തൊഴിലാളി ജീവന് നല്‍കുന്നത് പുല്ലുവില; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റില്‍ നിന്നും ബംഗാളി തൊഴിലാളി വീണ് മരിച്ചു

single-img
24 December 2016

construction
മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാത്ത റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ അന്യസംസ്ഥാനക്കാരുള്‍പ്പെടെയുള്ള തൊഴിലാളികളുടെ ജീവന് നല്‍കുന്നത് പുല്ലുവില. കോണ്‍ഫിഡന്റ് ഗ്രൂപ്പ് കാര്യവട്ടത്തിന് സമീപം പുല്ലാന്നിവിളയില്‍ നിര്‍മ്മിക്കുന്ന പതിനാറ് നില ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളി വീണ് മരിച്ചതാണ് റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണം.

പശ്ചിമബംഗാളിലെ ജൈപാല്‍ഗുഡി ജില്ലയിലെ കാന്‍കാളി സ്വദേശി അമല്‍റോയ്(22) ആണ് കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.30ഓടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഏഴാമത്തെ നിലയിലെ കൈവരിയില്‍ നിന്ന് ലിഫ്റ്റിന്റെ കുഴിയിലേക്ക് തലകീഴായി വീണ് മരിക്കുകയുമായിരുന്നു. സ്ലാബില്‍ ഇടിച്ച് തല ചിന്നിച്ചിതറിയ ഇയാള്‍ തല്‍ക്ഷണം മരിച്ചു. ഓടിയെത്തിയ സഹതൊഴിലാളികള്‍ ആദ്യം 108 ആംബുലന്‍സും പിന്നീട് സ്വകാര്യ ആംബുലന്‍സും വിളിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതിനാല്‍ ഇവര്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. പിന്നീട് പോലീസ് എത്തിയാണ് അമല്‍റോയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

മരിച്ച അമല്‍റോയ്‌

മരിച്ച അമല്‍റോയ്‌

അതേസമയം ശനിയാഴ്ച രാവിലെ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം അവശിഷ്ടം 20 അടി താഴ്ചയുള്ള കുഴിയിലേക്ക് ഇടുമ്പോള്‍ കാല്‍ വഴുതി വീണ് ആശുപത്രിയിലെത്തിച്ചെന്നും ഉച്ചയോടെ മരണം സംഭവിച്ചെന്നുമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് അധികൃതര്‍ പറയുന്നത്. പോത്തന്‍കോട് പോലീസ് തയ്യാറാക്കിയിരിക്കുന്ന എഫ്‌ഐആറും ഇങ്ങനെയാണ്. അതേസമയം മൂന്ന് നിലയ്ക്ക് മുകളില്‍ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ കരുതേണ്ട സുരക്ഷ സംവിധാനങ്ങളൊന്നും ഇവര്‍ ഒരുക്കിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സേഫ്റ്റി ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളാണ് ഇവിടെ വേണ്ടിയിരുന്നത്. കൂടാതെ അപകടമുണ്ടായ സ്ഥലത്തു നിന്നും കമ്പനി അധികൃതര്‍ മൃതദേഹം മാറ്റിയിട്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഈ വീഴ്ച മറച്ചുവയ്ക്കാനാണ് റിയല്‍ എസ്റ്റേറ്റ് മാഫിയയായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമകള്‍ പോലീസിന്റെ സഹായത്തോടെ വ്യാജ എഫ്‌ഐആര്‍ തയ്യാറാക്കിച്ചത് എന്നാണ് ആരോപണം. കഴിഞ്ഞ ആറ് മാസത്തിനിടെ പെയിന്റിംഗ് തൊഴിലാളി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് അംഗഭംഗം സംഭവിച്ചിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനാലാണ് ഈ അപകടങ്ങളെല്ലാം സംഭവിച്ചത് എന്നാണ് ആരോപണം.

അതേസമയം തൊഴിലാളികളെ ഇന്‍ഷ്വര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ മാനദണ്ഡങ്ങളും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ലൈസന്‍സില്ലാതെ നെടുമങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കരാറുകാരനാണ് എഴുപതോളം അന്യസംസ്ഥാന തൊഴിലാളികളെ ഇവര്‍ക്കായി വിട്ടുകൊടുത്തിരിക്കുന്നത്.

മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ അമല്‍റോയുടെ മൃതദേഹം ആംബുലന്‍സില്‍ സ്വദേശത്തേക്ക് കൊണ്ടുപോയി. ഇയാളുടെ സഹോദരന്‍ കമല്‍റോയും ബന്ധുക്കളും മൃതദേഹത്തിനൊപ്പം പോയിരുന്നു. കമല്‍റോയും ഇതേ കെട്ടിടത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ഇവരുടെ ഇളയച്ഛനും സഹോദരീ ഭര്‍ത്താവും കോവളത്ത് ജോലി ചെയ്യുന്നുണ്ട്. അതേസമയം ആംബുലന്‍സിന്റെ വാടകയായ 75,000 രൂപയും മറ്റൊരു 40,000 രൂപയും മാത്രമാണ് കമ്പനി ഇവര്‍ക്ക് നല്‍കിയത്.

തൊഴിലാളികളെ ഊറ്റിപ്പിഴിഞ്ഞ് അവര്‍ക്ക് യാതൊരു സുരക്ഷയും ഒരുക്കാതെ കൊള്ളലാഭം കൊയ്യുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഇവിടെ തൊഴിലാളികളുടെ ജീവന് പുല്ലുവില മാത്രമാണ് കല്‍പ്പിക്കുന്നത്. ഇനി കമ്പനി അധികൃതര്‍ പറയുന്നത് പോലെ ലേബര്‍ ക്യാമ്പില്‍ വച്ചാണ് അപകടമുണ്ടായതെങ്കില്‍ ഇത്രമാത്രം സുരക്ഷിതമല്ലാത്ത ഇടങ്ങളിലാണോ തൊഴിലാളികളെ പാര്‍പ്പിക്കുന്നതെന്ന ചോദ്യം ഉയരുന്നു. ഇവിടെയുള്ള തൊഴിലാളികളെ ഉടന്‍ തന്നെ മാറ്റുമെന്നാണ് അറിയുന്നത്. ഇത് അപകടത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പോലീസിന്റെ സഹായത്തോടെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ വ്യാജ എഫ്‌ഐആര്‍ തയ്യാറാക്കിയ സാഹചര്യത്തില്‍ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.