അഞ്ചേരി ബേബി വധം: കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി; മന്ത്രി എംഎം മണി പ്രതിയായി തുടരും

single-img
24 December 2016

 

mani-mm

അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം എം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. ഇതോടെ കേസിലെ രണ്ടാം പ്രതിയായ മണി പ്രതിയായി തുടരും. അതേസമയം സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വാദം കോടതി അംഗീകരിച്ചിരിക്കുകയാണ്.

ഹര്‍ജി പരിഗണിച്ച മുട്ടം സെഷന്‍സ് കോടതിയുടെ വിധി പുറത്തുവന്നതോടെ മണിക്കൊപ്പം ജയചന്ദ്രനും സിഐടിയു നേതാവ് എകെ ദാമോദരന്‍ എന്നിവരും പ്രതികളാകും. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മണി വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഡിസംബര്‍ ഒമ്പതിനായിരുന്നു ഹര്‍ജിയിന്മേല്‍ വിധി പറയേണ്ടിയിരുന്നത്. എന്നാല്‍ ഒമ്പതിന് കോടതി കൂടിയ ഉടന്‍ കേസ് മാറ്റിവച്ചു. അഞ്ചേരി ബേബി വധക്കേസ് അട്ടിമറിക്കാനാണ് മണിയെ മന്ത്രിയാക്കിയതെന്നായിരുന്നു ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ആരോപണം.

മണിയുടെ കുപ്രസിദ്ധമായ വണ്‍, ടു, ത്രീ പ്രസംഗത്തോടെയാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ തുടങ്ങിയത്. 1982 നവംബര്‍ 13നാണ് ബേബി കൊല്ലപ്പെട്ടത്. മണി, ജയചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഹൈക്കോടതി തള്ളിയ കേസില്‍ പുനരന്വേഷണം നടത്താനാകില്ലെന്ന് പ്രതിഭാഗവും വാദിക്കുന്നു. മണിയെ മന്ത്രിയാക്കിയതോടെ ഇന്നത്തെ വിധി അദ്ദേഹത്തിനും സിപിഎമ്മിനും നിര്‍ണായകമായിരിക്കുകയാണ്.