മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നക്‌സല്‍ വിരുദ്ധ സേനയുടെ ക്രൂരത; ആദിവാസി ബാലനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്നു

single-img
24 December 2016

mavoist-668x383

മാവോയിസ്റ്റാണെന്ന് ആരോപിച്ച് പതിമൂന്നുകാരനായ ആദിവാസി ബാലനെ നക്‌സല്‍ വിരുദ്ധസേന മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്നതായി ആരോപണം. ഛത്തീസ്ഗഡിലെ ബാസ്തര്‍ ജില്ലയിലാണ് സംഭവം.

ഇക്കഴിഞ്ഞ പതിനാറിന് സോമാരു പൊട്ടം എന്ന ബാലനാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കുറച്ച് പോലീസുകാര്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് ചോദ്യം ചെയ്യുകയും തോക്കിന്റെ പാത്തി ഉപയോഗിച്ച് തുടര്‍ച്ചയായി അടിക്കുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞതായി കാച്ച് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഛാപ്ര ശേഖരിച്ച് കാട്ടില്‍ നിന്നും തിരിച്ചുവരുന്ന വഴിയാണ് കുട്ടിയെ സേന പിടികൂടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുട്ടിയുടെ അച്ഛനെയും ബന്ധുക്കളെയും സേന പിടികൂടിയെരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വസ്ത്രങ്ങള്‍ നീക്കം ചെയ്ത് മാവോയിസ്റ്റ് യൂണിഫോം ധരിപ്പിച്ച് മൃതദേഹത്തിന്റെ ഫോട്ടോയെടുത്തെന്നും കൊലപാതകം സംബന്ധിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് സുരക്ഷാസേന തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് കുട്ടിയുടെ പിതാവ് ഛത്തീസ്ഗഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തെളിവു സംരക്ഷിക്കുന്നതിനായി കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. ബസ്തര്‍ പോലീസ് കമ്മിഷണറുടെയും പരാതിക്കാരുടെയും സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് നിര്‍ദ്ദേശം. പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുമ്പോള്‍ ഒപ്പം പോകാനും പരാതിക്കാര്‍ക്ക് കോടതി അനുമതി നല്‍കി.

ആയുധങ്ങളുമായി നക്‌സല്‍ യൂണിഫോമില്‍ എത്തിയ അജ്ഞാതനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് ജില്ലാ പോലീസ് മേധാവി കോടതിയില്‍ മൊഴിനല്‍കിയത്. ഈ ദിവസം മേഖലയില്‍ മറ്റ് കൊലപാതകങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ കുട്ടിതന്നെയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമാണ്.

എന്നാല്‍ കുട്ടിയുടെ പക്കല്‍ ആയുധങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും സാധാരണ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നും പിതാവ് അറിയിച്ചു. ജഗ്ദല്‍പൂര്‍ ലീഡ് എയ്ഡ് ഗ്രൂപ്പിലെ അഭിഭാഷകരാണ് കുട്ടിയുടെ പിതാവിന് വേണ്ടി കോടതിയില്‍ ഹാജരായത്.