നോട്ട് നിരോധനം: വരാനിരിക്കുന്നത് വിലക്കയറ്റമെന്ന് മുന്‍ ആസൂത്രണ കമ്മിഷന്‍ അംഗം; ജനങ്ങള്‍ക്ക് അടിച്ചേല്‍പ്പിച്ചിരിക്കുന്നത് വലിയ ഭാരം

single-img
24 December 2016

pronab-sen

നോട്ട് നിരോധനം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത് വലിയ ഭാരമാണെന്ന് മുന്‍ ആസൂത്രണ കമ്മിഷന്‍ അംഗവും ഇന്ത്യയിലെ മുതിര്‍ന്ന സ്റ്റാറ്റിസ്റ്റിഷ്യനുമായ പ്രണോബ് സെന്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് സാധനങ്ങളുടെ വിലയില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം പാര്‍ലമെന്ററി ബോര്‍ഡിന് മുന്നറിയിപ്പ് നല്‍കി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ളവരാണ് ഈ പാനലിലെ അംഗങ്ങള്‍. അഴിമതിയും കള്ളപ്പണവും തടയാനുള്ള മാര്‍ഗ്ഗം നോട്ട് നിരോധനമല്ലെന്നും സെന്‍ വ്യക്തമാക്കി. ഉയര്‍ന്ന നോട്ടുകള്‍ അസാധുവാക്കിയതോടെ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതയില്‍ കുറവു വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വിതരണം(സപ്ലൈ) ചെയ്യാനാകാതെ വരുന്നതോടെ അവയുടെ ആവശ്യകത(ഡിമാന്‍ഡ്) കൂടുമെന്നും ആവശ്യകത വര്‍ദ്ധിക്കുന്നത് വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നുമാണ് പ്രണോബ് സെന്‍ പറയുന്നത്. വ്യജനോട്ടുകള്‍ പരിശോധിക്കാനുള്ള നടപടി ഒറ്റത്തവണയായല്ല നടപ്പിലാക്കേണ്ടതെന്നും ഘട്ടംഘട്ടമായാണ് നടപ്പാക്കേണ്ടതെന്നും പ്രണോബ് സെന്‍ വ്യക്തമാക്കി.