ഇന്നും നാളെയും ബാങ്ക് അവധി; എടിഎമ്മുകള്‍ പലതും കാലി; മോഡി സര്‍ക്കാര്‍ ക്രിസ്മസും കുളമാക്കി തന്നു

single-img
24 December 2016

 

atm

കടുത്ത നോട്ട് ക്ഷാമത്തിനൊപ്പം ഇന്നും നാളെയും ബാങ്ക് അവധി കൂടിയായതോടെ കൂനിന്‍മേല്‍ കുരു എന്ന അവസ്ഥയിലായി ജനങ്ങളുടെ ക്രിസ്മസ്. സംസ്ഥാനത്തെ പകുതിയോളം എടിഎമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ പണമുള്ളത്. അതില്‍ പലതിലും ചെറിയ നോട്ടുകള്‍ ലഭ്യവുമല്ല.

ഇന്നലെ മിക്ക ബാങ്കുകളും എടിഎമ്മുകളില്‍ പണം നിറച്ചിരുന്നെങ്കിലും രാത്രിയോടെ മിക്കവയും കാലിയായി. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള പണത്തിന്റെ ആവശ്യമാണ് പല എടിഎമ്മുകളും ഇത്ര പെട്ടെന്ന് കാലിയാകാന്‍ കാരണം. അതേസമയം ഇന്നും നാളെയും ബാങ്കുകള്‍ക്ക് അവധിയായതിനാല്‍ ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളില്‍ പണമെത്തില്ല. പുറംകരാര്‍ എടുത്തിട്ടുള്ള ചുരുക്കം ചില എടിഎമ്മുകളില്‍ മാത്രമേ ഇന്ന് പണം നിറയ്ക്കൂ.

ഇന്ന് മാസത്തിലെ നാലാം ശനിയാഴ്ചയായതിനാലും നാളെ ക്രിസ്മസും ഞായറാഴ്ചയും ആയതിനാലുമാണ് ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി രണ്ട് ദിവസം അവധി. സംസ്ഥാനത്ത് ഏറ്റവുമധികം എടിഎമ്മുകളുള്ള എസ്ബിടിയുടെ 75 ശതമാനത്തോളം കൗണ്ടറുകളിലും ശാഖകളാണ് പണം നിറയ്ക്കുന്നത്. നോട്ട് നിരോധനത്തിന് മുമ്പ് ദിനംപ്രതി 250 കോടി രൂപ എടിഎമ്മുകളില്‍ എത്തിച്ചിരുന്ന എസ്ബിടി ഇപ്പോള്‍ നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് നാല്‍പ്പത് കോടിയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ നിറയ്ക്കുന്നത്.

രണ്ട് ദിവസങ്ങളില്‍ എടിഎമ്മുകളില്‍ പണമുണ്ടാകില്ലെന്ന് പല ബാങ്കുകളും രഹസ്യമായെങ്കിലും സമ്മതിക്കുന്നുണ്ട്. 2000 രൂപ നോട്ടുകളാണ് ഇപ്പോള്‍ പല ബാങ്കുകളും എടിഎമ്മുകളില്‍ നിറച്ചിരിക്കുന്നത്. മാസവസാനമായതിനാല്‍ വളരെ കുറച്ച് മാത്രം തുക അക്കൗണ്ടില്‍ ബാക്കിയുള്ള പലര്‍ക്കും ഇത് തിരിച്ചടിയാകും. ഓണം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്ന ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായാണ്. അതിനാല്‍ തന്നെ നോട്ട് നിരോധനം വിപണിയെ കൂടുതല്‍ രൂക്ഷമായി ബാധിക്കുമെന്ന് ഉറപ്പാണ്.

ഒട്ടേറെ വ്യാപാരശാലകള്‍ 25 മുതല്‍ 70 ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെയെല്ലാം നോട്ട് നിരോധനം ബാധിക്കും. വൈകുന്നേരങ്ങളില്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നം മൂലം സൈ്വപ്പിംഗ് യന്ത്രങ്ങള്‍ കൂട്ടത്തോടെ പ്രവര്‍ത്തനരഹിതമാകുന്നതും വ്യാപാരങ്ങളെ പ്രതിസന്ധിയിലാക്കുന്നു.