നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മകളെ അധിക്ഷേപിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു

single-img
23 December 2016

555555ന്യൂയോര്‍ക്ക്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിനെതിരെ പ്രതിഷേധിച്ച യാത്രക്കാരനെ എയര്‍ലൈന്‍ കമ്പനി വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതായി റിപ്പോർട്ട്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം.

വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ജെറ്റ് ബ്ലൂ എയര്‍ലൈനില്‍ യാത്രയ്‌ക്കെത്തിയ വ്യക്തിയാണ് ഇവാന്‍കയെ പരസ്യമായി അധിക്ഷേപിച്ചത്. യാത്രക്കാരനെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കിയെന്ന് കമ്പനി അറിയിച്ചെങ്കിലും സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല.

ഇതിനിടെ അപമാനിക്കാന്‍ ശ്രമിച്ചയാളെ അധികൃതര്‍ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനിരുന്ന വിമാനത്തില്‍ കയറിയ ഇയാള്‍ ഇവാന്‍കയെ വിമാനത്തില്‍ കണ്ടത് മുതല്‍ അപമാനകരമായ തരത്തില്‍ സംസാരിക്കുകയായിരുന്നുവെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടുചെയ്യുന്നു.

ഇവാന്‍കയും പിതാവും രാജ്യം നശിപ്പിക്കുമെന്നും ഈ വിമാനം തന്നെ നശിപ്പിക്കുമെന്നും ഇയാള്‍ പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവാന്‍കയെ കണ്ടപ്പോള്‍ യാത്രക്കാരന്‍ ‘എന്റെ ദൈവമേ, ഇതൊരു ദുസ്വപ്‌നമാണ് ‘ എന്ന് പറഞ്ഞതായി വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ മാര്‍ക് ചെഫിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അധിക്ഷേപം തുടര്‍ന്നപ്പോള്‍ ഇടപെട്ട വിമാന ജോലിക്കാര്‍ ഇയാളെ വിമാനത്തില്‍ നിന്നും ഇറക്കിക്കൊണ്ടു പോയെന്നും മാര്‍ക് ചെഫ് പറയുന്നു.