വിദ്യാർഥികളുടെ സൗജന്യയാത്ര അവസാനിപ്പിക്കണം: കെഎസ്ആർടിസി എംഡി എം.ജി.രാജമാണിക്യം ഐ.എ.സ്

single-img
23 December 2016

dc-cover-ppjigmr6qu2h9gcfd65o70r590-20160211034223-medi_തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യയാത്ര നല്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡി എം.ജി.രാജമാണിക്യം ഐ.എ.സ് വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി. സൗജന്യയാത്ര പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയോട് ചെയത ഏറ്റവും വലിയ ദ്രോഹമാണെന്നും എംഡി കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിച്ചത്. ഇതുവഴി 42 കോടി രൂപയുടെ നഷ്ടം പ്രതിമാസം ഉണ്ടാകുന്നുവെന്നാണ് രാജ മാണിക്യത്തിന്റെ കണക്ക്.

സ്വകാര്യ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഒരുകാരണവശാലും കൺസഷൻ അനുവദിക്കാൻ കഴിയില്ല. എയ്ഡഡ്, സർക്കാർ കോളജുകളിലെ വിദ്യാർഥികൾക്ക് നിയന്ത്രിതമായി സൗജന്യയാത്ര നൽകാമെന്നും എംഡി വ്യക്‌തമാക്കുന്നു.

വിദ്യാർഥികളുടെ സൗജന്യയാത്ര മൂലം ആഴ്ചയിലെ അഞ്ച് ദിവസങ്ങളിൽ കെഎസ്ആർടിസിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കനത്ത തിരക്ക് മൂലം ഒന്നരലക്ഷത്തോളം ആളുകൾ കെഎസ്ആർസിയിൽ കയറാതെ വരുന്നുണ്ട്. ഇതുമൂലം ഭീമമായ വരുമാന ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ ബസുകളുടെ സർവീസ് 140 കിലോമീറ്ററായി നിജപ്പെടുത്തണം. കെഎസ്ആർടിസി ഏറ്റെടുത്ത 228 ടേക്ക് ഓവർ സർവീസുകളുടെ അതേറൂട്ടിൽ സ്വകാര്യ ബസും സർവീസ് നടത്തുന്നുണ്ട്. ഇത് നിയന്ത്രിക്കണം. സൂപ്പർ ക്ലാസ് സർവീസുകൾ സ്വകാര്യ ബസുകൾക്ക് അനുവദിക്കരുതെന്നും എംഡി ആവശ്യപ്പെട്ടിട്ടുണ്ട്.