കുറുവ ദ്വീപില്‍ കക്കൂസ് മാലിന്യം പുഴയിലേക്ക് തള്ളുന്നതായി പരാതി; കക്കൂസ് അടച്ചിടാനുള്ള നിര്‍ദ്ദേശം മാനേജര്‍ അവഗണിച്ചു

single-img
22 December 2016

kuruva
തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയതായി നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. കുറുവാ ദ്വീപ് മാനേജരുടെ നടപടി ക്രമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളുമായാണ് പ്രദേശവാസികള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. മാനേജര്‍ കുറുവയുടെ വികസനത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്നും സ്വജനപക്ഷപാതവും, അഴിമതിയുമാണ് നടത്തുന്നതെന്നും നാട്ടുകാര്‍ പരാതിയില്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞദിവസം സ്ഥലത്തെത്തിയ ദേശീയ മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍ അംഗങ്ങള്‍ പരാതി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും കക്കൂസ് അടിച്ചിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ മറികടന്നു മാനേജര്‍ ടോയിലെറ്റ് തുറന്നിടുകയും രാത്രി കക്കൂസ് മാലിന്യം നീക്കുകയുമായിരുന്നുവെന്നുമാണ് ആരോപണം. കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി വിസര്‍ജ്യം കെട്ടിനില്‍ക്കുന്ന ഭാഗങ്ങളില്‍ നിരവധി കുടുംബശ്രീ കാന്റീനുകളും മറ്റ് നിരവധി കടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കക്കൂസ് അടച്ചിടാനും മറ്റ് നടപടികള് സ്വീകരിക്കാനും ദേശീയ മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ നിര്‍ദ്ദേശത്തെ അവഗണിച്ച മാനേജര്‍ രാത്രിയില്‍ കക്കൂസ് മാലിന്യം സമീപത്തെ പുഴയില്‍ ഒഴുക്കിയതായാണ് നാട്ടുകാരുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന് കേസ്സെടുത്തിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ക്കും, ടൂറിസം ഡയറക്ടര്‍ക്കും പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു.

kuruva1

നോട്ട് നിരോധിച്ച ആദ്യദിവസങ്ങളില്‍ സന്ദര്‍ശകരില്‍ നിന്നും പഴയ നോട്ടുകള്‍ വാങ്ങാതിരുന്ന കുറുവ അധികൃതര്‍ ആ ദിവസങ്ങളിലെ കളക്ഷന്‍ ബാങ്കിലടച്ചതില്‍ പഴയനോട്ടുകള്‍ ഉള്‍പ്പെട്ടതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തുകയും ചെയ്തു. ഇത്തരത്തില്‍ ക്രമക്കേടുകളും മറ്റും നടത്തുന്ന മാനേജരെ കളക്ടര്‍ ഇടപെട്ട് നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.