വര്‍ഷങ്ങളായി നഷ്ടത്തില്‍; ആറളം ഫാം അടച്ചുപൂട്ടല്‍ ഭീഷണിയില്‍; ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും

single-img
22 December 2016

 

aralam
കണ്ണൂര്‍: ആറളം ഫാം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഈ ഫാം വര്‍ഷങ്ങളായി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 304 സ്ഥിരം തൊഴിലാളികളടക്കം ഫാമിലെ 539 തൊഴിലാളികള്‍ക്ക് രണ്ട് മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. തൊഴിലാളികളില്‍ ഭൂരിഭാഗവും ആദിവാസികളാണ്. ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ തൊഴിലാളികള്‍ ജനുവരി 5 മുതല്‍അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കി. എം.ഡിയുടെ കെടുകാര്യസ്ഥതയാണ് ഫാമിനെ അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക് നയിക്കുന്നതെന്നാണ് യൂണിയന്‍ നേതാക്കളുടെ ആരോപണം.

നരേന്ദ്ര മോഡിയുടെ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് വ്യാപാര മേഖലയിലുണ്ടായ തിരിച്ചടിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവുമാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. റബ്ബറിന്റെ വിലയിടിവിനെ തുടര്‍ന്ന് വാങ്ങാനാളില്ലാതെ 360 ബാരല്‍ ലാറ്റക്സ് ഫാമില്‍ കെട്ടിക്കിടക്കുകയാണ്. ലേലത്തുകയുടെ നിശ്ചിത ശതമാനം നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് നാളികേരവും അടക്കയും ലേലത്തിനെടുക്കാനും ആളില്ല. കുരുമുളക് അടക്കമുളളവയുടെ വിളവെടുപ്പ് കാലത്ത് തൊഴിലാളി സമരം കൂടി ആരംഭിച്ചാല്‍ ആറളം ഫാമിന്റെ തകര്‍ച്ച പൂര്‍ണമാകും.