കഴിഞ്ഞ മാസമെഴുതിയ ബ്ലോഗോടെ ലാലേട്ടന് ബ്ലോഗെഴുതി മതിയായോ? ഈമാസം എഴുത്തില്ലെന്ന് മോഹന്‍ലാല്‍

single-img
22 December 2016

 

mohanlal

എല്ലാ മാസവും 21ന് മോഹന്‍ലാലിന്റെ ബ്ലോഗ് എഴുത്തു വായിക്കാനായി ആരാധകരെല്ലാം കാത്തിരിക്കുന്നതാണ്. എന്നാല്‍ ഈ മാസം ആരാധകരെ നിരാശരാക്കി ലാലേട്ടന്‍ പറഞ്ഞു. ‘ഈമാസം ഞാന്‍ എഴുതുന്നില്ല, നമുക്ക് അടുത്ത മാസം കാണാം.’ കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തെയും അതിന്റെ ഭാഗമായി ജനങ്ങള്‍ ക്യൂവില്‍ നില്‍ക്കുന്നതിനെയും കുറിച്ചാണ് മോഹന്‍ലാല്‍ എഴുതിയിരുന്നത്. ബിവറേജിന് മുമ്പിലും ആരാധനാലയങ്ങള്‍ക്ക് മുന്നിലും ക്യൂ നില്‍ക്കുന്നതിനെയും ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെയും താരതമ്യം ചെയ്തുള്ള ആ എഴുത്ത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. അതോടെ ബ്ലോഗ് എഴുത്ത് ലാലേട്ടനു മതിയായെന്നു തോന്നുന്നു.

താന്‍ യാത്രയിലായതിനാലാണ് ഇത്തവണ എഴുതാത്തതെന്നാണ് ലാല്‍ പറഞ്ഞത്. എല്ലാ മാസവും 21ാം തീയതിയാണ് മോഹന്‍ലാല്‍ ബ്ലോഗെഴുതാറുള്ളത്. വിവിധ വിഷയങ്ങളിലുള്ള മോഹന്‍ലാലിന്റെ ബ്ലോഗെഴുത്തുകള്‍ നേരത്തെയും വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. കഴിഞ്ഞമാസത്തെ കുറിപ്പിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. സിനിമാരംഗത്ത് നിന്ന് പോലും വിമര്‍ശനമുയര്‍ന്നിരുന്നു.

മദ്യശാലകള്‍ക്കും തിയേറ്ററുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ വരി നില്‍ക്കുമ്പോള്‍ ആര്‍ക്കും പരാതികളെന്നും ഇല്ലെന്നും അതിനാല്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പം വരി നിന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു ലാല്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ ലാലേട്ടന്റെ ആരാധകര്‍ വരെ അഭിപ്രായവുമായി രംഗത്തെത്തി. എന്നാല്‍ ആ കാരണം കൊണ്ടാണോ ഇത്തവണ മോഹന്‍ലാല്‍ എഴുതാത്തത് എന്ന കാര്യം ഉറപ്പില്ല.