മഹാരാജാസ് കോളേജിലെ ചുവരെഴുത്ത് കേസ്: റിമാന്‍ഡിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

single-img
22 December 2016

 

maharajas2

കൊച്ചി: എറാണകുളം മഹാരാജാസ് കോളേജിലെ ചുവരെഴുത്ത് വിവാദത്തില്‍ അറസ്റ്റിലാകുകയും റിമാന്‍ഡിലാകുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചു. വിദ്യാര്‍ത്ഥികളുടെ അറസ്റ്റില്‍ കോളേജ് കലുഷിതമായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചെന്നും മതവിദ്വേഷം പ്രചരിപ്പിച്ചെന്നും കാണിച്ചുള്ള പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് അഞ്ച് വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തത്. എന്നാല്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കും ഇന്നലെ ജാമ്യം ലഭിച്ചു.

കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയടക്കം പല കവികളുടെയും രചനകളാണ് ചുവരുകളിലെഴുതിയത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ക്യാമ്പസില്‍ പോലീസിനെ ഇടപെടുത്തിയതും വിദ്യാര്‍ത്ഥികള്‍ക്കെതിരെ പിഡിപിപി വകുപ്പ് ചുമത്തിയതും പ്രിന്‍സിപ്പള്‍ പ്രൊഫ. എന്‍എല്‍ ബീനക്കെതിരെ വിദ്യാര്‍ത്ഥി യൂണിയന്റെ ശക്തമായ പ്രതിഷേധത്തിന് കാരണമായി. കവിതകളല്ല അശ്ലീല വാചകങ്ങളും മതസ്പര്‍ദ്ധ വളര്‍ത്തുന്ന ചുവരെഴുത്തുകളുമാണ് പരാതിക്ക് അടിസ്ഥാനമെന്നാണ് പ്രിന്‍സിപ്പളിന്റെ വാദം.

പ്രിന്‍സിപ്പളിന്റെ പരാതിയില്‍ ക്യാമ്പസിലെ അഞ്ച് വിദ്യാര്‍ത്ഥികളെ ചൊവ്വാഴ്ച എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അര്‍ജുന്‍ ആനന്ദ് (19), നിഥിന്‍ വിജയന്‍ (20), ആനന്ദ് ദിനേശ് (20), രാഖേഷ് കെ(20), മുഹമ്മദ് ഷിജാസ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിലരെ ബസില്‍നിന്ന് വലിച്ചിറക്കിയായിരുന്നു അറസ്റ്റ്. പിഡിപിപി ചുമത്തിയ വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തത് വാര്‍ത്തയാതോടെ യൂണിയന്‍ ഭാരവാഹികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

അറസ്റ്റിലായവര്‍ക്കെതിരെ ആദ്യം പരസ്യ നിലപാടെടുത്ത കോളേജിലെ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ ഭാരവാഹികള്‍ പിന്നീട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രതിഷേധത്തിനിറങ്ങി. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പളിനെ തടഞ്ഞു വെക്കുകയും ചെയ്തു. അതേസമയം ചുവരെഴുത്തുകളെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. ഇത് വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായി യൂണിയന്‍ ഭാരവാഹികളായ എസ്എഫ്ഐ നേതൃത്വം പ്രതിഷേധത്തിനിറങ്ങിയതും വിമര്‍ശന വിധേയമായി. എസ്എഫ്ഐ ആദ്യം സ്വീകരിച്ച നിലപാടുകളിലെ ഇരട്ടത്താപ്പായി മാറുകയായിരുന്നു.

എന്നാല്‍ കോളേജിന്റെ ചുവരുകളില്‍ വൃത്തികെട്ട ചിത്രങ്ങള്‍ വരച്ചും, അശ്ലീല കാര്യങ്ങള്‍ എഴുതിയും കോളേജിന്റെ വാട്ടര്‍ ടാങ്ക്, ടോയിലറ്റ് എന്നിവക്ക് നാശം സംഭവിച്ചതായും സര്‍ക്കാര്‍ സ്ഥാപനമായ കോളേജിന് 50,000 രൂപയുടെ നഷ്ടമുണ്ടായതായും കാണിച്ചാണ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബീന സെന്‍ഡ്രല്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ക്ക് പരാതി കൊടുത്തിരിക്കുന്നത്.